പൗരത്വഭേദഗതി നിയമം നടപ്പാക്കരുത് : സി.എസ്.ഐ. സഭ

പൗരത്വഭേദഗതി നിയമം നടപ്പാക്കരുത് : സി.എസ്.ഐ. സഭ

സ്വന്തം ലേഖകൻ 

കോട്ടയം : ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മുഖത്തെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ ന്യൂനപക്ഷങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നതും, മതത്തിന്റെ പേരില്‍ വിവേചനത്തിന് വഴിവെക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് സി.എസ്.ഐ. മധ്യകേരള മഹായിടവക സപ്തതി (70-ാമത്) കൗണ്‍സില്‍ തുടര്‍ സമ്മേളനം ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

രാജ്യത്തിന്റെ അഖണ്ഡതയുടെ സംരക്ഷകരാകേണ്ടവരായ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മതത്തിന്റെ പേരില്‍ ജനതയെ ഭിന്നിപ്പിച്ച് സമൂഹത്തിന്റെ ഐക്യം ഇല്ലാതാക്കുവാനുള്ള ഏത് ശ്രമത്തെയും ചെറുത്തു തോല്‍പ്പിക്കണമെന്ന് സി.എസ്.ഐ. മോഡറേറ്റര്‍ ബഷപ്പ് തോമസ് കെ. ഉമ്മന്‍ പ്രസ്താവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം സമത്വം ജനാധിപത്യം എന്ന മൂല്യങ്ങളുടെ അടിത്തറ തകര്‍ക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണം ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്ന് സാമാജികര്‍ പ്രമേയത്തെ അനുകൂലിച്ച് അഭിപ്രായപ്പെട്ടു.

രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ കൗണ്‍സില്‍ പ്രഖ്യാപിച്ചു. അടുത്ത ഘട്ടത്തില്‍ പൊതു സമൂഹത്തില്‍ പൗരത്വഭേദഗതി നിയമത്തിനതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്‍പോട്ടു പോകാന്‍ മഹായിടവക കൗണ്‍സില്‍ തീരുമാനിച്ചു.

സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ സമ്മേളനത്തില്‍ സി.എസ്.ഐ. മധ്യകേരള മഹായിടവക അത്മായ സെക്രട്ടറി ഡോ. സൈമണ്‍ ജോണ്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. മഹായിടവക വൈദിക സെക്രട്ടറി റവ. ജോണ്‍ ഐസക്, മഹായിടവക ട്രഷറര്‍ റവ. തോമസ് പായിക്കാട്, രജിസ്ട്രാര്‍ ജേക്കബ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സപ്തതി കൗണ്‍സിൽ സമ്മേളനം സമാപിച്ചു.