എരുമേലിയില്‍ കോടികളുടെ ടൂറിസം ഹബ്ബ് കാണണമെങ്കില്‍ കാട് വെട്ടിത്തെളിച്ച്‌ നോക്കേണ്ട സ്ഥിതിയിൽ;  ടൂറിസം ഹബ്ബിന്റെ ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പ്രവേശന ഗേറ്റ് തുറന്നിട്ടില്ല; ഗേറ്റിലെ താഴുവരെ തുരുമ്പെടുത്ത നിലയിൽ; രണ്ട് കോടി ചിലവിട്ട് നിര്‍മ്മിച്ച ഇവിടെ ശീതീകരിച്ച വിഐപി മുറികളുള്‍പ്പെടെ റസ്റ്റോറന്‍റും, ചില്‍ഡ്രൻസ് പാര്‍ക്കും, ആധുനിക ശൗചാലയ സമുച്ചയവും പ്രവര്‍ത്തനമില്ലാതെ അടഞ്ഞു കിടക്കുന്നു !!! 

എരുമേലിയില്‍ കോടികളുടെ ടൂറിസം ഹബ്ബ് കാണണമെങ്കില്‍ കാട് വെട്ടിത്തെളിച്ച്‌ നോക്കേണ്ട സ്ഥിതിയിൽ;  ടൂറിസം ഹബ്ബിന്റെ ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പ്രവേശന ഗേറ്റ് തുറന്നിട്ടില്ല; ഗേറ്റിലെ താഴുവരെ തുരുമ്പെടുത്ത നിലയിൽ; രണ്ട് കോടി ചിലവിട്ട് നിര്‍മ്മിച്ച ഇവിടെ ശീതീകരിച്ച വിഐപി മുറികളുള്‍പ്പെടെ റസ്റ്റോറന്‍റും, ചില്‍ഡ്രൻസ് പാര്‍ക്കും, ആധുനിക ശൗചാലയ സമുച്ചയവും പ്രവര്‍ത്തനമില്ലാതെ അടഞ്ഞു കിടക്കുന്നു !!! 

സ്വന്തം ലേഖകൻ 

എരുമേലി: എരുമേലി കൊരട്ടിയില്‍ രണ്ടു വര്‍ഷം മുൻപ്  ഡിടിപിസിയുടെ തീര്‍ഥാടക വിശ്രമ കേന്ദ്രത്തില്‍ കോടികള്‍  ചെലവിട്ട് നിര്‍മിച്ച ടൂറിസം ഹബ്ബ് കാണണമെങ്കില്‍ കാട് വെട്ടിത്തെളിച്ച്‌ നോക്കേണ്ട സ്ഥിതിയില്‍. ഏകദേശം രണ്ട് കോടി ചിലവിട്ടാണ് ഇത് അന്ന് നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഇതുവരെയും പ്രവേശന ഗേറ്റ് തുറന്നിട്ടില്ല. ഗേറ്റിലെ താഴുവരെ തുരുമ്പെടുത്തു. ഗേറ്റിന് മുന്നില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഗേറ്റിലും കാടാണ്. ഗേറ്റില്‍ നിന്ന് തുടങ്ങുന്ന വഴിയും മതിലുകളും കാട് നിറഞ്ഞ നിലയിലാണ്.

പാമ്പുകള്‍ ഉള്‍പ്പെടെ ഇഴജന്തുക്കളും ധാരാളം. ലക്ഷങ്ങളാണ് പൂന്തോട്ടം നിര്‍മിക്കാൻ ഇവിടെ ചെലവിട്ടത്. അന്ന് നിര്‍മിച്ച വിശാലമായ പുല്‍ത്തകിടിയും വിവിധ തരം മനോഹരങ്ങളായ ചെടികള്‍ നിറഞ്ഞ ഉദ്യാനവും ഗേറ്റും കൈവരികള്‍ പിടിപ്പിച്ച കല്ലുകള്‍ പാകിയ വളഞ്ഞ വഴിയും എല്ലാം കാടുകള്‍ നിറഞ്ഞു നശിച്ചു. പ്രവര്‍ത്തനം ഇല്ലാഞ്ഞതാണ് കാട് കയറി എല്ലാം നശിക്കുന്നതില്‍ എത്തിയത്. രണ്ട് കോടി ചെലവിട്ട് നിര്‍മിച്ചവയില്‍ ശീതീകരിച്ച വിഐപി മുറികളും റസ്റ്റോറന്‍റും ചില്‍ഡ്രൻസ് പാര്‍ക്കും ആധുനിക ശൗചാലയ സമുച്ചയവും പ്രവര്‍ത്തനമില്ലാതെ അടഞ്ഞു കിടക്കുകയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ ഇപ്പോള്‍ ഒരു കോടി രൂപ ചെലവിട്ട് വീണ്ടും നവീകരണമെന്ന പേരില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തും കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്ന ജോലികളും നടന്നുവരികയാണ്. നഷ്ടത്തിലായ വിശ്രമ കേന്ദ്രത്തെ വരുമാനത്തിലാക്കാനാണ് രണ്ട് വര്‍ഷം മുമ്പ് ടൂറിസം ഹബ്ബ് നിര്‍മിച്ചത്. ഇത് കാട് പിടിച്ചു കിടക്കുമ്ബോള്‍ അത് മാറ്റി പ്രവര്‍ത്തനത്തിലാക്കാൻ ശ്രമിക്കാതെയാണ് ഇപ്പോള്‍ ഒരു കോടി ചെലവിട്ട് നവീകരണമെന്ന പേരില്‍ പണികള്‍ നടക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്‍റെ പില്‍ഗ്രിം അമിനിറ്റി സെന്‍ററിനാണ് ഈ ദുരവസ്ഥ.

ഇക്കഴിഞ്ഞ മേയ് ഒന്നിന് ആയിരുന്നു ഒരു കോടിയുടെ നവീകരണത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസില്‍ നിര്‍വഹിച്ചത്. രണ്ട് കോടി ചെലവിട്ട് ടൂറിസം ഹബ്ബാക്കുന്നതിന്‍റെ ഉദ്ഘാടനം 2021 ഫെബ്രുവരി ഒമ്ബതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴി നിര്‍വഹിച്ചത്. ഉദ്ഘാടനങ്ങളും ഫണ്ട് ചെലവിടലും നടത്തിയ ഡിടിപിസി അധികൃതര്‍ വരുമാനം നേടാനുള്ള പ്രവര്‍ത്തനം നടത്തിയില്ല.

എരുമേലിയുടെ ഗേറ്റ് വേ ആയ കൊരട്ടിയില്‍ 20 വര്‍ഷം മുൻപ് കേരള ടൂറിസം ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷൻ (കെടിഡിസി) ആണ് ഒന്നര ഏക്കര്‍ സ്ഥലത്ത് 15 കോടിയോളം ചെലവിട്ട് വിശ്രമ കേന്ദ്രം നിര്‍മിച്ചത്. നഷ്ടം മൂലം കെടിഡിസി കയ്യൊഴിഞ്ഞ് ഡിടിപിസി (ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍) യ്ക്ക് കൈമാറിയിട്ടും ലാഭം നേടാനായില്ല.

കേരളത്തിന്‍റെ തനത് വാസ്തുവിദ്യയില്‍ ആകര്‍ഷകമായ കെട്ടിടങ്ങളും കോട്ടേജുകളും ഡോര്‍മെറ്ററികളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് 2003ല്‍ പില്‍ഗ്രിം അമിനിറ്റി സെന്‍റര്‍ നിര്‍മിച്ചത്. 2003 നവംബര്‍ മൂന്നിന് അന്നത്തെ ടൂറിസം മന്ത്രി കെ.വി. തോമസ് ആണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, വിവാഹങ്ങള്‍ നടത്താനുള്ള സ്ഥലമായി മാറിയതല്ലാതെ വരുമാനം നേടുന്ന ടൂറിസം സങ്കേതമായി സെന്‍ററിനെ മാറ്റാൻ കഴിയാത്തത് ഗുരുതരമായ അനാസ്ഥയായി മാറുകയാണ്.