യുവാവിനെ തട്ടിക്കൊണ്ട് പോയി  നാലുലക്ഷം രൂപ കവർന്ന സംഘത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയടക്കം രണ്ട് പേർ പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ട് പോയി നാലുലക്ഷം രൂപ കവർന്ന സംഘത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയടക്കം രണ്ട് പേർ പിടിയിൽ

 

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാലുക്ഷം രൂപ കവർന്ന സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥികൂടിയായ തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ് (26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28) എന്നിവരെയാണ് അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം നാലിന് വൈകുന്നേരം നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂരിൽവച്ച് ബൈക്കിൽ വന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും രണ്ട് ബൈക്കുകളിലുമായി വന്ന പത്തോളം പേർ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലമായി കാറിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവാവിനെ മർദിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും കൈയിലുണ്ടായിരുന്ന നാലുലക്ഷം രൂപ കവർന്നശേഷം ഭീമനാട് സ്‌കൂളിന് സമീപം യുവാവിനെ ഇറക്കി വിടുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോവുന്നത് കണ്ട സമീപവാസിയായ റിട്ട.എസ്.ഐ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഒഴിവാക്കി സംഘം രക്ഷപ്പെട്ടത്.

തുടർന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി യു.അബ്ദുൽ കരീമിന്റെ നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ എ.എസ.്പി രേഷ്മ രമേശൻ, ഡി.വൈ.എസ്.പി പി.പി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി.ഐ വി ബാബുരാജ്, എസ്‌ഐമാരായ മഞ്ചിത് ലാൽ, ബിനോയ് എന്നിവരെയുൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കവർച്ചാസംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളെയും കേന്ദ്രീകരിച്ചും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കണ്ണൂർ, കോട്ടയം, എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം കേരളത്തിലും പുറത്തുമായി താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്യുന്നത്. കൂടാതെ പണവുമായി പോവുന്നവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാനും ഈ സംഘത്തിൽ ആളുകളുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ പ്രത്യേക അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്തതിൽ കേരളത്തിലെ പ്രധാന ഗുണ്ടാസംഘത്തിലുൾപ്പട്ടവരുമായി നേരിട്ട് ബന്ധമുള്ളതായും കൂടുതൽ കവർച്ചകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തലവൻമാരായ എ.എസ.്പി രേഷ്മ രമേശൻ, ഡി.വൈ.എസ.്പി പി പി ഷംസ് എന്നിവരടങ്ങുന്ന സംഘം അറിയിച്ചു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും തിരിച്ചറിയൽ പരേഡുൾപ്പടെയുള്ള തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു