ജോലി പൊലീസിൽ: സ്വഭാവം ക്രിമിനലിൻ്റേത്: സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ തല്ലിക്കൊന്ന പൊലീസുകാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളം വച്ചത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരനും കൂട്ടുകാരും ചേർന്ന് ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. ഇവരുടെ തന്നെ സുഹൃത്തായ ഓട്ടോ ഡ്രൈവറെയാണ് പ്രതികൾ കമ്പിവടിയ്ക്ക് അടിച്ച് കൊന്നത്.
സാമ്പത്തിക ഇടപാടിന്റെ പേരിലായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചുകൊന്ന ക്രൂരമായ കൊലപാതകം. സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ നാലു പേര്‍ പിടിയിലായി. കുന്നുംപുറം സ്വദേശി കൃഷ്‌ണകുമാറിനെയാണ് തിങ്കളാഴ്‌ച വൈകിട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെട്ടൂര്‍ സ്വദേശി ഫൈസല്‍മോന്‍ (38), മുപ്പത്തടം സ്വദേശികളായ ഓലിപ്പറമ്പ് ഒ.എച്ച്. അന്‍സാല്‍ (25), തോപ്പില്‍ വീട്ടില്‍ ടി.എന്‍. ഉബൈദ്, ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ബി.എസ്. ഫൈസല്‍ (40), എറണാകുളം എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അമൃത ആശുപത്രിക്കു സമീപം വൈമേലില്‍ ബിജോയ് ജോസഫ്(35) എന്നിവരാണ് അറസ്റ്റിലായത്.
പീലിയാടുള്ള പുഴക്കരയില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെയുള്ള സംഘം മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സാമ്പത്തിക വിഷയത്തിന്റെ പേരിലാണു കലഹമുണ്ടായത്. പുഴക്കരയില്‍നിന്നു ബഹളവും കരച്ചിലും കേട്ട പ്രദേശവാസികളാണു വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്.കൃഷ്‌ണകുമാറിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. പൊലീസ് എത്തി നോക്കുമ്പോഴേക്കും കൃഷ്‌ണകുമാര്‍ മരിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പു വടി പൊലീസ് സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പൊലീസുകാരന്‍ പ്രതിയായ സംഭവമായിട്ടും മണിക്കൂറുകള്‍ക്കകം പ്രതികളെ എല്ലാം പിടികൂടാനായത് കൊച്ചി സിറ്റി പൊലീസിന് അഭിമാനമായി. കസ്റ്റഡിയിലായ പൊലീസുകാരന്‍ ബിജോയ്ക്കെതിരെ നേരത്തെ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയത് ഉള്‍പ്പെടെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.