അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
നെടുമങ്ങാട്: അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ.
നെടുമങ്ങാട് സ്വദേശി ഹാജ (22), ഇരിഞ്ചയം സ്വദേശി അമീര്‍ ഖാന്‍ (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ആനാട്ട് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതികളെ നെടുമങ്ങാട് പോലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ നെടുമങ്ങാട് കച്ചേരിനടയിലെ പൂക്കടയില്‍ ജോലി ചെയ്യുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെ ഇരുവരും ചേര്‍ന്ന് പൂക്കടയിലെത്തി കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അരുണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചുകയറി ഒടിഞ്ഞ നിലയിലാണ്.
നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികള്‍ സ്ഥിരമായി ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
ഡിപ്പോ പരിസരത്ത് മഫ്‌തിയിലും യൂണിഫോമിലും ചെക്കിംഗ് ശക്തമാക്കുമെന്ന് സി.ഐ സന്തോഷ് കുമാര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.