സിപിഎം പാർട്ടി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: ആദ്യം യുവതി പരാതി നൽകിയത് പാർട്ടി നേതൃത്വത്തിന്

സിപിഎം പാർട്ടി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: ആദ്യം യുവതി പരാതി നൽകിയത് പാർട്ടി നേതൃത്വത്തിന്

സ്വന്തം ലേഖകൻ

പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായ യുവതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കുട്ടിയെ ഉപേക്ഷിച്ചതിനാണ് യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുനത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മങ്കര പൊലീസാണ് യുവതിയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രണയം നടിച്ച് പ്രതി യുവതിയെ പാർട്ടി ഓഫിസിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഗർഭിണിയായതിനെ തുടർന്ന് പാർട്ടി ഏരിയ നേതൃത്വത്തിന് യുവാവിനെതിരെ പരാതി നൽകിയിരുന്നതായി യുവതി പറയുന്നു. അദ്യം ഇരുവരെയും വിവാഹം കഴിപ്പിച്ച് പ്രശ്നം ഒത്ത് തീർപ്പാക്കാൻ സി പി എം നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ ഇത് എങ്ങും എത്താതെ വന്നതോടെ പരിഹാരം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ കുഞ്ഞിന് ജന്മം നൽകിയ യുവതി നാണക്കേട് ഭയന്ന് കുട്ടിയെ മാർച്ച് 16ന് ഉപേക്ഷിക്കുകയായിരുന്നു.
മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുട്ടിയുടെ മാതാവിനെ കണ്ടെത്തി. തുടർന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പാർട്ടി ഓഫിസിലെ പീഡന വിവരം പുറത്തറിഞ്ഞത്. ഇതേ തുടർന്നാണ് കുട്ടിയുടെ മാതാവായ യുവതിയ്ക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.