മുഖ്യമന്ത്രിയേയും പാർട്ടിയേയും വെല്ലുവിളിച്ച് സ്വതന്ത്ര എം.എല്‍.എമാർ രംഗത്ത് എത്തുമ്പോൾ സി.പി.എം. അഭിമുഖീരിക്കുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി ; പാർട്ടി വിശുദ്ധമായി കരുതിയിരുന്ന ഇടങ്ങളിലേക്കെല്ലാം ചെളിവാരിയെറിയുന്നു ; സി.പി.എമ്മിന് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന സ്വതന്ത്രപരീക്ഷണങ്ങൾ
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്ട്രൈക്ക് റേറ്റ് നോക്കുമ്ബോള്‍ മലബാറിലെ സ്വതന്ത്രപരീക്ഷണങ്ങളാണ് സി.പി.എമ്മിന് കൂടുതല്‍ ലാഭമുണ്ടാക്കിയത്. മുസ്ലിം ലീഗിനോ മുസ്ലിം സമുദായത്തിനോ ഭൂരിപക്ഷമുള്ള മേഖലകളില്‍ ഇതേ പശ്ചാത്തലമുള്ളവരെ രംഗത്തിറക്കി വിജയം നേടുന്ന തന്ത്രം. ഇപ്പോള്‍ മുഖ്യമന്ത്രിയേയും പാർട്ടിയേയും വെല്ലുവിളിച്ച് നിലമ്ബൂരിലെ സ്വതന്ത്ര എം.എല്‍.എ. പി.വി. അൻവർ എത്തുമ്ബോള്‍ സി.പി.എം. അഭിമുഖീരിക്കുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ്. പാർട്ടി വിശുദ്ധമായി കരുതിയിരുന്ന ഇടങ്ങളിലേക്കെല്ലാം അൻവർ കൈചൂണ്ടുകയാണ്, ചെളിവാരിയെറിയുകയാണ്.
നിലമ്ബൂരില്‍നിന്ന് ഇടത് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര എം.എല്‍.എ. ആയ പി.വി. അൻവർ ഒറ്റയ്ക്ക് ഉയർത്തിവിട്ട ഇപ്പോഴത്തെ പ്രതിസന്ധികൊണ്ടുമാത്രമല്ല സിപിഎമ്മിന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നത്. ഒരേസമയത്ത് മലബാറിലെ സ്വതന്ത്ര എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നതാണ് ഇത്തവണ സി.പി.എമ്മിന് കൂടുതല്‍ പ്രതിസന്ധിയായത്. അതിന്റെയെല്ലാം പരിസമാപ്തിയാണോ, കൂടുതല്‍ കുരുക്കുകളിലേയ്ക്കുള്ള നാന്ദിയാണോ അൻവറിന്റെ വെല്ലുവിളിയെന്നാണ് ഇനി അറിയാനുള്ളത്. തന്റെ പാർക്കിലെ കേബിള്‍ മോഷ്ടിക്കപ്പെട്ടെന്ന പരാതിയില്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വത്തോടുള്ള അമർഷം, പിണറായി വിജയന്റെ അപ്രമാദിത്വത്തിനെതിരെ പാർട്ടിയിലെ പടയൊരുക്കം തുടങ്ങി അൻവറിൻറെ ആരോപണങ്ങള്‍ക്കു പിന്നിലെ കാരണം സംബന്ധിച്ചുണ്ടായ നിഗമനങ്ങളെയൊക്കെ തകിടം മറിക്കുന്നതായിരുന്നു പി.വി. അൻവറിന്റെ പിന്നീടുള്ള ആരോപണശരങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിനെ പിന്തുണച്ച് കൊടുവള്ളിയിലെ മുൻ എം.എല്‍.എ. കാരാട്ട് റസാഖ് രംഗത്തെത്തിയെങ്കിലും പിന്നീട് പാർട്ടിയെ പേടിച്ച് പിന്മാറി. പി. ശശിയെ തന്നെ പേരുപറഞ്ഞ് വിമർശിച്ച കാരാട്ട് റസാഖ്, തങ്ങള്‍ കൂടിയാലോചിച്ചാണ് പരസ്യ വിമർശനമുന്നയിക്കുന്നതെന്നും ഒരുഘട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അൻവർ തന്നെ തള്ളിയതിനു പിന്നാലെ, റസാഖ് തിരിച്ച് അൻവറിനേയും കൈവിട്ടു. സ്വതന്ത്രർക്ക് എന്തും പറയാമെന്ന നിലയുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, പി.വി. അൻവറിന് തിരുത്താൻ സമയമായെന്നും നിലപാടെടുത്തു.
അൻവറിനെ പിന്തുണച്ച് മുൻമന്ത്രി കൂടിയായ കെ.ടി. ജലീലും രംഗത്തെത്തിയത് പാർട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ പോർട്ടല്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരായ ‘പോരാട്ട’ത്തിനായി വാട്സാപ്പ് നമ്ബറും പുറത്തുവിട്ടു. ഉപ്പുതിന്നവരെ വെള്ളംകുടിപ്പിച്ചേ അടങ്ങൂ എന്ന് പ്രഖ്യാപിച്ച ജലീലിൻറെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പിന്നീടുവന്ന രക്തസാക്ഷികളെ സംബന്ധിച്ച പരാമർശവും പാർട്ടിയില്‍നിന്ന് കൂടുതല്‍ അകലുന്നതായുള്ള സൂചനനല്‍കി. പിന്നീടിങ്ങോട്ട് പാർട്ടിയേയോ സർക്കാരിനേയോ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളൊന്നും നടത്താത്ത അദ്ദേഹം പാർട്ടി വേദികളില്‍ കൂടുതല്‍ സജീവമാണ്.
നിലവില്‍ എം.എല്‍.എയായ പി.ടി.എ. റഹീം സർക്കാരിനെതിരായ പടപ്പുറപ്പാടില്‍ ‘സ്വതന്ത്രചേരി’യില്‍നിന്ന് തന്ത്രപരമായ അപകലം പാലിച്ചു, വിഷയങ്ങളില്‍ മൗനം പാലിച്ചു. നിലവില്‍ മന്ത്രികൂടിയായ വി. അബ്ദുറഹ്മാൻ ഈ വിഷയങ്ങളിലൊന്നും പ്രതികരിച്ചിട്ടില്ല. തന്നെ മറികടന്ന് അബ്ദുറഹ്മാനെ മന്ത്രിയാക്കിയതില്‍ അൻവറിന് നീരസമുണ്ടായിരുന്നെന്നതും രഹസ്യമല്ല. പിണറായി സർക്കാരില്‍ മന്ത്രിയായിരിക്കുന്ന അബ്ദുറഹ്മാന്റേതും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന അൻവറിന്റേതും സമാനമായ രാഷ്ട്രീയ പശ്ചാത്തലമാണ്. ജലീല്‍ ലീഗുകാരനായിരുന്നു. കാരാട്ട് റസാഖും പി.ടി.എ. റഹീമുമാകട്ടെ മുൻ ലീഗുകാരും.
ആദ്യം എസ്.പിയേയും പിന്നീട് എ.ഡി.ജി.പിയേയും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെത്തന്നേയും സ്വർണക്കടത്തില്‍ ബന്ധപ്പെടുത്തിയാണ് അൻവർ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേനാണയത്തില്‍ മറുപടി നല്‍കിയ മുഖ്യമന്ത്രി, അൻവറിനെ കടത്തുകാരുടെ സംരക്ഷകനാക്കാൻ ശ്രമിക്കുകയും അതിന്മേലുള്ള വ്യാഖ്യാനങ്ങള്‍ക്ക് പരസ്യമായി തന്നെ അനുമതി നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും തന്നെ തള്ളിയതാണ് അൻവറിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. പാർട്ടി സെക്രട്ടേറിയറ്റിന്റെ ‘അഭ്യർഥന’ സ്വീകരിച്ച് മിണ്ടാതിരുന്ന അൻവറിന്റെ ‘ആത്മാഭിമാനം’ ഇടിച്ചത് ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ക്ലീൻചിറ്റായിരുന്നു.
നിലമ്ബൂരിലെ സഖാക്കളെ നിരാശരാക്കുന്ന ഒരു പ്രസ്താവനയുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച അൻവർ, സർക്കാരിനേയും പാർട്ടിയേയും കൂടുതല്‍ പ്രതിസന്ധിയിലാക്കി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നാണ് പ്രഖ്യാപിക്കുന്നത്. പാർട്ടിക്ക് വിധേയനാകാനില്ലെന്ന് വ്യക്തമാക്കുന്ന അൻവറിനെ ഇനി പാർട്ടി എന്തുചെയ്യുമെന്നാണ് അറിയേണ്ടത്.
കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്ര എം.എല്‍.എയായി കാലാവധി പൂർത്തിയാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിന്നെക്കണ്ടത് ബി.ജെ.പി. കേന്ദ്രമന്ത്രിയായാണ്. മങ്കടയില്‍ ലീഗിന്റെ മുതിർന്ന നേതാവ് കെ.പി.എ. മജീദിനെ വിറപ്പിച്ച മഞ്ഞളാംകുഴി അലി പിന്നീടെത്തിയത് മുസ്ലിം ലീഗില്‍. മങ്കടയില്‍ത്തന്നെ മത്സരിച്ച് മന്ത്രിവരെയായി. ഇതില്‍ കണ്ണന്താനത്തിന്റെ വഴിയേ പോകാൻ അൻവറിന് സാധിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്.
മഞ്ഞളാംകുഴി അലിയുടെ വഴി അൻവറിന് ഒറ്റയ്ക്ക് തീരുമാനിക്കാനും കഴിയില്ല. സി.പി.എമ്മിനെ ഉപേക്ഷിച്ചുപോയാല്‍ താനുന്നയിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം വരില്ലെന്ന ബോധ്യം മറ്റാരേക്കാളുമുണ്ടാവുക അൻവറിന് തന്നെയാണ്. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ വിധേയനല്ലാത്ത സ്വതന്ത്ര പാർട്ടിക്കാരനായാകും അൻവർ മുന്നോട്ടുപോകുക എന്നാണ് കരുതേണ്ടത്. അൻവറിൻറെ കാര്യത്തില്‍ സിപിഎം ഇനി എന്ത് തീരുമാനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.