പനച്ചിക്കാട്ട് സിപിഎം പ്രകടനത്തിന് നേരെ ആർഎസ്എസ് ആക്രമണം: ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേർക്ക് പരിക്ക്; വൻ സംഘർഷം: പ്രദേശത്ത് സംഘർഷാവസ്ഥ

പനച്ചിക്കാട്ട് സിപിഎം പ്രകടനത്തിന് നേരെ ആർഎസ്എസ് ആക്രമണം: ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേർക്ക് പരിക്ക്; വൻ സംഘർഷം: പ്രദേശത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് സിപിഎം പ്രകടനത്തിനു നേരെ ആർഎസ്എസ് സംഘപരിവാർ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേരെ ഗുരുതരപരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ സംഘർഷാവസ്ഥ തുടരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെയും, ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെയും നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ലോക്കൽ കമ്മിറ്റി അംഗം പി.കെ മോഹനൻ, ഡിവൈഎഫ്‌ഐ നേതാവ് അജി എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയാണ്.
വ്യാഴാഴ്ച രാവിലെ ഹർത്താലിന്റെ ഭാഗമായി പ്രകടനം നടത്തിയ ആർഎസ്എസ് സംഘപരിവാർ പ്രവർത്തകർ പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സിഐടിയുവിന്റെയും കൊടിമരങ്ങൾ അടക്കം തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി വൈകിട്ട് ആറു മണിയോടെ സിപിഎം പ്രവർത്തകർ പഞ്ചായത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രകടനം പനച്ചിക്കാട് കവലയിൽ കച്ചേരിക്കവലയിൽ എത്തിയപ്പോൾ ഒരു ഭാഗത്തു നിന്നും സംഘപരിവാർ പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വഴിയിൽ ഏറ്റുമുട്ടി. തുടർന്ന് കല്ലേറുണ്ടായി. കല്ലേറിലും ആക്രമണത്തിലുമാണ് സിപിഎം നേതാക്കൾക്ക് പരിക്കേറ്റത്. സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ പല സ്ഥലത്തേയ്ക്ക് ചിതറിയോടി. പിൻതിരിഞ്ഞെത്തിയ പ്രവർത്തകരും സംഘപരിവാർ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
തുടർന്ന് വിവിധ വാഹനങ്ങളിൽ പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രണ്ടു പേരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. ഈ അക്രമത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് വൻ പൊലീസ് സംഘം തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.