ശബരിമല കയറാൻ വീണ്ടും യുവതിയെത്തി: യുവതി മരക്കൂട്ടം വരെയെത്തി; യുവതിയ്ക്ക് സുരക്ഷയൊരുക്കി മഫ്തി പൊലീസ് സംഘവും
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശനം നടത്താൻ 47 കാരിയായ യുവതി എത്തി. യുവതി മഫ്തി പൊലീസിന്റെ അകമ്പടിയിൽ മരക്കൂട്ടം വരെ എത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും വിശ്വാസികൾ ആരും തന്നെ ഇവരെ തടയാൻ രംഗത്ത് എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് യുവതി പമ്പയിൽ നിന്നും മലകയറി തുടങ്ങിയത്. 47 കാരിയായ ശ്രീലങ്കൻ സ്വദേശിയായ യുവതിയാണ് പൊലീസ് അകമ്പടിയോടെ മല കയറുന്നത്. മഫ്തിയിൽ നാലു ചുറ്റിലുമുള്ള പൊലീസ് സുരക്ഷ നൽകിയതോടെയാണ് യുവതി മലകയറ്റം ആരംഭിച്ചത്. പമ്പയിൽ നിന്നും നാലംഗ പൊലീസ് സംഘത്തോടൊപ്പമാണ് യുവതി മലകയറ്റം ആരംഭിച്ചത്. എന്നാൽ, മരക്കൂട്ടത്ത് എത്തിയപ്പോൾ മാത്രമാണ് ജനം ടിവി സംഘം ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവർക്കു പിന്നാലെ ജനം ടിവി സംഘം കാമറയുമായി ഓടി.
എന്നാൽ, മരക്കൂട്ടം എത്തിയിട്ടും ഇവരെ തടയാൻ ആരും എത്തിയില്ലെന്നത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും സമരങ്ങളുടെ പരാജയമായി. ശബരിമലയിൽ യുവതികൾ കയറിയാൻ പ്രശ്‌നമുള്ളത് ആർഎസ്എസ് ബിജെപി സംഘപരിവാർ സംഘത്തിനു മാത്രമാണെന്ന് വ്യക്തമാകുന്നതാണ് അയ്യപ്പ ഭക്തർക്കില്ലാത്ത പ്രതിഷേധത്തിന്റെ പ്രധാന കാരണം. യുവതി സന്നിധാനത്തേയ്ക്ക് എത്തിയതോടെ ഇനി എന്താവും എന്ന് അറിയാൻ ഉറ്റു നോക്കിയിരിക്കുകയാണ് ആളുകൾ.
എന്നാൽ, പൊലീസ് സംഘം പോയതിനു പിന്നാലെ യുവതി എവിടെ പോയി എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് യുവതിയെ ഒളിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.