നന്മയുടെ അപൂർവ മാതൃക തീർത്ത്‌ സി പി എം  നൂറു വീടുകളുടെ  താക്കോൽദാനം ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി നിർവഹിക്കും

നന്മയുടെ അപൂർവ മാതൃക തീർത്ത്‌ സി പി എം നൂറു വീടുകളുടെ താക്കോൽദാനം ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി നിർവഹിക്കും

കോട്ടയം
സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക്‌ വീട്‌ നിർമിച്ചു നൽകുകയെന്ന സിപിഐ എമ്മിന്റെ ദൗത്യം പൂർത്തീകരണത്തിലേക്ക്‌. ഇത്‌ വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക്‌ പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത്‌ വീടുകളുടെ താക്കോൽദാനം തിങ്കളാഴ്‌ച നടക്കും. പകൽ 11ന്‌ കോട്ടയം പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ താക്കോൽദാനം നിർവഹിക്കുകയെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ആകെ വീടുകളുടെ എണ്ണം 103 ആകും. ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരും പങ്കെടുക്കും.

  2018ലെ സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ്‌ ജില്ലയിൽ 100 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്‌. ഒരുവിധത്തിലും സ്വന്തമായി വീട്‌ നിർമിക്കാൻ നിവൃത്തിയില്ലാത്തവരെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ടെത്തി വീട്‌ നിർമിച്ചു നൽകുകയായിരുന്നു.

പാർടി പ്രവർത്തകരിൽ നിന്നും സഹായസന്നദ്ധതയുള്ള വ്യക്തികളിൽനിന്നും പണം ശേഖരിച്ചാണ്‌ എല്ലാ സൗകര്യങ്ങളുമുള്ള മികച്ച വീടുകൾ നിർമിച്ചു നൽകിയത്‌. ഇതിനിടെയുണ്ടായ രണ്ട്‌ വലിയ വെള്ളപ്പൊക്കവും കോവിഡ്‌ മഹാമാരിയുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടും പ്രവർത്തകർ പാർടിയുടെ നിർദേശം നടപ്പാക്കി. രാഷ്‌ട്രീയം നോക്കാതെ, അർഹത മാത്രം കണക്കിലെടുത്താണ്‌ സൗജന്യമായി വീടുകൾ നിർമിച്ചു നൽകിയത്‌. മിക്കയിടത്തും പാർടി പ്രവർത്തകർ തന്നെയായിരുന്നു നിർമാണം. പത്ത്‌ വീടുകൾ ഇപ്പോൾ നിർമാണത്തിലുമുണ്ട്‌.
  വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്‌, സി ജെ ജോസഫ്‌ എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കലിനും കൈത്താങ്ങ്‌
കോട്ടയം
കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ വീട്‌ നഷ്ടപ്പെട്ടവർക്കു വേണ്ടിയും സിപിഐ എം വീട്‌ നിർമിച്ചു നൽകുമെന്ന്‌ ജില്ലാ സെക്രട്ടറി എ വി റസൽ അറിയിച്ചു.

ഇരുപത്തിയഞ്ച്‌ വീടുകൾ നിർമിക്കുമെന്നാണ്‌ പാർടി പ്രഖ്യാപിച്ചിരുന്നത്‌. മുപ്പത്‌ വീടുകൾ നിർമിക്കാവുന്ന നിലയിലാണ്‌ ഇപ്പോൾ. ഇതിന്റെ  പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങും.

  ദൈനംദിന രാഷ്‌ട്രീയത്തിനൊപ്പം സാധാരണ ജനങ്ങൾക്ക്‌ കൈത്താങ്ങാകുക എന്ന വലിയ ഉത്തരവാദിത്തമാണ്‌ പാർടി നിറവേറ്റുന്നതെന്ന്‌ എ വി റസൽ പറഞ്ഞു.