വാക്‌സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിൽ മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും ഇരട്ടിയായി; കുട്ടികളിൽ സെറോ നിരക്ക് നാൽപ്പത് ശതമാനം; സംസ്ഥാനത്തെ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
14 ജില്ലകളിൽ മുപ്പതിനായിരത്തിലധികം പേരിൽ നടത്തിയ കൊവിഡ് പ്രതിരോധ ആന്റിബോഡി പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുട്ടികളിലെ സെറോ പഠനവും പ്രസിദ്ധീകരിച്ചേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
18 വയസിന് മുകളിലുള്ളവരിൽ 82 ശതമാനത്തിലധികവും കുട്ടികളിൽ നാൽപ്പത് ശതമാനവുമാണ് സെറോ നിരക്കെന്ന് നേരത്തെ സൂചനകൾ പുറത്തു വന്നിരുന്നു. വാക്‌സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിലാണ് മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും ഇരട്ടിയോളമായത്. ഗർഭിണികൾ, ഗ്രാമനഗര മേഖലകൾ, തിരദേശ ആദിവാസി മേഖലകൾ എന്നിങ്ങനെ വെവ്വേറെ തരംതിരിച്ചാകും റിപ്പോർട്ട്.
സെറോ പ്രിവിലൻസിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രണ്ട് രീതിയിലൂടെ ഇത് കൈവരിക്കാം. രോഗം വന്ന് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡിയിലൂടെയും വാക്‌സിനേഷനിലൂടെയും ഇത് കൈവരിക്കാം.
സംസ്ഥാനത്ത് നല്ല രീതിയിൽ വാക്‌സിനേഷൻ നടന്നിട്ടുണ്ട്. 93 ശതമാനത്തിന് മുകളിൽ ആദ്യ ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. നല്ല രീതിയിൽ രണ്ടാം ഡോസ് വാക്‌സിനും നൽകാനായി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുറേപേർക്ക് കോവിഡ് ബാധിച്ചിരുന്നു. ഇത് രണ്ടും കൂടി കണക്കിലെടുത്താൽ സ്വാഭാവികമായും കൂടുതൽ പേർ പ്രതിരോധം കൈവരിച്ചിരിക്കാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞിരുന്നു.