വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം; മാസ്‌ക് നൽകുന്ന സുരക്ഷ പരമപ്രധാനം; കോവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂർവം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രായമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ സങ്കീർണമാകും. അതിനാൽ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുലർത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാൽ വ്യാപനത്തോത് കുറയ്ക്കാൻ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്മ വോട്ടിടാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.
ന്മ കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.
ന്മ രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക.
ന്മ പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക.
ന്മ ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.
ന്മ പോളിംഗ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്.
ന്മ ഒരാൾക്കും ഷേക്ക് ഹാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല.
ന്മ എല്ലാവരേയും തെർമ്മൽ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.
ന്മ തെർമ്മൽ സ്‌കാനറിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയർന്ന താപനില കണ്ടാൽ അവർക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാവുന്നതാണ്.
ന്മ കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ.
ന്മ പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. അവർ ആൾക്കൂട്ടത്തിൽ പോകരുത്.
ന്മ മറ്റ് ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
ന്മ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.
ന്മ പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.
ന്മ അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലായതിനാൽ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടർമാരും ശാരീരിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ന്മ തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
ന്മ വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക.
ന്മ വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056ൽ വിളിക്കാവുന്നതാണ്.