കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് രോഗി മരണപ്പെട്ടാൽ ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാൻ അനുവദിക്കും.

പ്രതീകാത്മകമായരീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പർശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നൽകാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിൽ വച്ച് മൃതദേഹം കാണാൻ അനുവദിക്കും. മോർച്ചറിയിൽ വച്ചും ആവശ്യപ്പെടുന്നെങ്കിൽ അടുത്ത ബന്ധുവിനെ കാണാൻ അനുവദിക്കും.

സംസ്‌കാര സ്ഥലത്ത് മൃതദേഹം കൊണ്ടുവന്നാൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്ബ് തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാവുന്നതാണ്. ഈ സമയത്ത് മതപരമായ പ്രാർത്ഥനകൾ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരമുണ്ട്. ദേഹത്ത് സ്പർശിക്കാതെയുള്ള അന്ത്യകർമ്മങ്ങൾ ചെയ്യാവുന്നതാണ്. പരമാവധി 20 പേർക്ക് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാവുന്നതാണ്. എല്ലാവരും 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. കൈകൾ വൃത്തിയാക്കുകയും വേണം. 60 വയസിന് മുകളിൽ പ്രായമുള്ളവർ, 10 വയസിൽ താഴെയുള്ള കുട്ടികൾ, ശ്വാസകോശ രോഗം ഉൾപ്പെടെ മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

മരണകാരണം കോവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ ടെസ്റ്റ് സാമ്പിൾ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ടതാണ്. ലാബ് റിസൾട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ച് വേണം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അബലംബിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മാർഗ നിർദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.