പേന കൈമാറരുത്, ഉമ്മീനീർ തൊട്ട് പണം എണ്ണരുത് ; വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളിൽ പാലിക്കേണ്ട  നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി : നിർദ്ദേശങ്ങൾ ഇങ്ങനെ

പേന കൈമാറരുത്, ഉമ്മീനീർ തൊട്ട് പണം എണ്ണരുത് ; വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളിൽ പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുന്നതിനും ശ്വസന ശുചിത്വം പാലിക്കുന്നതിനും മറ്റുമുള്ള കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നോട്ടീസ് ബോർഡ് സ്ഥാപിക്കണം. ബോർഡിൽ എട്ട് നിർദ്ദേശങ്ങളാണ് എഴുതി പ്രദർശിപ്പിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ നിർദ്ദേശങ്ങൾ

(1) പനി, ചുമ, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുള്ള ജീവനക്കാർ, ഉപഭോക്താവ് സ്ഥാപനത്തിൽ പ്രവേശിക്കരുത്. അവർ ദിശയുമായി ബന്ധപ്പെടുകയും നിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യ പരിരക്ഷ തേടുകയും വേണം.

(2) സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിന് മുമ്ബും പുറത്തു പോകുമ്‌ബോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം. കൂടാതെ സ്ഥാപനത്തിൽ കഴിയുന്ന സമയം ഇടയ്ക്കിടെ കൈ ശുചിയാക്കണം.

(3) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും ശരിയായി മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാത്തവരെ കടയിൽ പ്രവേശിപ്പിക്കരുത്.

(4) സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കണം.

(5) സ്ഥാപനത്തിലുള്ളിൽ ഒരാളും മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ അരുത്. വായയും മൂക്കും മൂടി നല്ല ശ്വസന ശുചിത്വം പാലിക്കണം. കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.

(6) ജീവനക്കാരും ഉപഭോക്താക്കളും 10 വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരരുത്.

(7) 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ദുർബലരായ വ്യക്തികളും സ്ഥാപനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

(8) ലഭ്യമായ ഓൺലൈൻ സംവിധാനങ്ങളെ കുറിച്ചും സമീപത്തുള്ള സ്വയം സേവന കിയോസ്‌കുകളെ കുറിച്ചുമുള്ള വിവരങ്ങൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.

ഇവയ്ക്ക് പുറമെ ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കണം

സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിന് അടുത്ത് പ്രവർത്തന സമയം മുഴുവൻ സാനിറ്റൈസർ, ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം.

ജീവനക്കാരും ഉപഭോക്താക്കളും പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണം.

സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളുടെ വിസ്തൃതിയ്ക്ക് അനുസരിച്ച് പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.

തിരക്ക് ഒഴിവാക്കാൻ മുൻകൂർ അപ്പോയിന്റ്‌മെന്റ്, ക്യൂ സംവിധാനം ഉപയോഗിക്കണം.

സ്ഥാപനങ്ങളിലെ കാത്തിരിപ്പ് സ്ഥലത്ത് ഉപഭോക്താക്കൾക്ക് മതിയായ വായു സഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണം.

സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തുന്നതിന് അടച്ച ക്യാബിനുകൾ ഉപയോഗിക്കുന്നത് ഒഴവാക്കുക.
സാധ്യമാകുമെങ്കിൽ ഓൺലൈൻ സൗകര്യങ്ങളോ സ്വയം സേവന കിയോസ്‌കുകളോ ഉപയോഗിക്കുവാൻ ആളുകളെ പ്രോത്സാഹിപ്പിക്കണം.

സാധ്യമായ സ്ഥലങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം നടത്തന്നതിന് ഇടയിലായി കണ്ണാടി, സുതാര്യമായ ഫൈബർ കൊണ്ടുള്ള സ്‌ക്രീനുകൾ ഉപയോഗിക്കണം.

സ്ഥാപനങ്ങളിലെ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടണം

ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്‌ക്രീനിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.

കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽ പിടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ, ഹാൻഡ് റെയിലുകൾ, പൊതുവായി ഉപയോഗിക്കുന്ന പേനകൾ, ടച്ച് സ്‌ക്രീനുകൾ തുടങ്ങിയ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൊടി ഉപയോഗിച്ചോ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂർ ഇടവിട്ട് തുടച്ച് അണുവിമുക്തമാക്കണം.

പേന പങ്കിടുന്നത് ഒഴിവാക്കണം.

ജീവനക്കാർ ഓരോ ഉപഭോക്താവിനോടും ഇടപെട്ടശേഷം, സാധനങ്ങൾ കൈമാറിയ ശേഷം, പണമിടപാടിനുശേഷം, കൂടുതൽ സ്പർശനമേൽക്കുന്നിടങ്ങളിൽ തൊട്ടതിനുശേഷം കൈകൾ ശുചിയാക്കണം.

പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയോഗിച്ച് വിരലുകൾ നനച്ചു കൊണ്ട് പണം എണ്ണരുത്.

സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഇവാലറ്റ്, യുപിഐ അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള കരസ്പർശമേൽക്കാത്ത പണമിടപാട് രീതികൾ പരമാവധി പ്രോത്സാഹിപ്പിക്കണം.

ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പർശിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകണം.

കഴിയുന്നത്രയും ലിഫ്റ്റുകൾ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകൾ, എസ്‌കലേറ്റർ ഹാൻഡ് റെയിലുകൾ തുടച്ച് വൃത്തിയാക്കണം.

സ്ഥാപനങ്ങളിൽ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിൾ പേപ്പർ കപ്പുകൾ ഉപയോഗിക്കണമെന്നും സർക്കാർ നിർദ്ദേശങ്ങളിലുണ്ട്.