കൊറോണക്കാലത്ത് സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരല്ലോ..! കതിർമണ്ഡപത്തിൽ വച്ച് വരണമാല്യം ചാർത്തേണ്ട മുഹൂർത്തത്തിൽ വധു ഒ.പിയിലും വരൻ ട്രാഫിക് ഡ്യൂട്ടിയിലും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണക്കാലത്ത് ഏറ്റവും അധികം വലയുന്നവരാണ് ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും. വീട്ടുകാര്യങ്ങളും വ്യക്തിപരമായ ഒട്ടനവധി കാര്യങ്ങൾ മാറ്റിവെച്ചാണ് പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും പ്രവർത്തിക്കുന്നത്.
ആരോഗ്യപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ലോക് ഡൗൺ കാലത്ത് എടുക്കുന്ന ത്യാഗങ്ങൾ സംസ്ഥാനത്തിന്റെ പലയിടത്ത് നിന്നും പല തരത്തിലുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും പുറത്ത് വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിലുള്ള ഒരു ത്യാഹത്തിന്റെ കഥയാണ് തലസ്ഥാനത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. കതിർ മണ്ഡപത്തിൽ വരണമാല്യം ചാർത്തേണ്ട മുഹൂർത്തത്തിൽ ആശുപത്രി ഒ.പിയിൽ ഡോ.ആര്യയും പ്രതിശ്രുത വരനായ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് തലസ്ഥാന നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലും തിരക്കിലായിരുന്നു.
അതിനിടെ പ്രസാദിന്റെ ഫോണിൽ നിന്ന് ഡോക്ടറുടെ ഫോണിലേക്ക് ഒരു വീഡിയോ കോൾ. നമ്മുടെ തീരുമാനമാണ് ശരി” പ്രസാദ് പറഞ്ഞു. ‘അതെ, അതുമാത്രമാണ് ശരി”ആര്യ പ്രതികരിച്ചു. ഏതാനും നിമിഷത്തെ സ്വകാര്യ സംഭാഷണം. കുറച്ച് നിമിഷത്തെ സംസാരങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ജോലിത്തിരക്കുകളിലേക്കും കടന്നു.
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിതുര തോട്ടുമുക്ക് പടിപ്പോട്ടുപാറ തടത്തരികത്ത് ശ്രീരാഗത്തിൽ എം.പ്രസാദും (32) കന്യാകുളങ്ങര ഗവൺമെന്റ് കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ പോത്തൻകോട് കാട്ടായിക്കോണം മേലേവിള മൈത്രിയിൽ പി.ആര്യയും (25) തമ്മിലുള്ള വിവാഹം ഏപ്രിൽ അഞ്ചിന് പോത്തൻകോട് എം.ടി ഹാളിൽ നടക്കേണ്ടതായിരുന്നു.
എല്ലാ ഒരുക്കങ്ങളും നടത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ 50 പേരിലൊതുക്കി വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ നടത്താൻ വീട്ടുകാർ തീരുമാനിച്ചു. പക്ഷേ, അവധിയെടുത്ത് വിവാഹത്തിനില്ലെന്ന് ആര്യ. പൊലീസിന് പിടിപ്പത് ജോലിയുള്ളപ്പോൾ മാറിനിൽക്കാനാവില്ലെന്ന് പ്രസാദും അറിയിച്ചതോടെ ഇരുവീട്ടുകാരും വഴങ്ങുകയായിരുന്നു.
പ്രസാദിന്റെ അച്ഛൻ കെ.മോഹനൻ ആശാരി വിതുരയിൽ അറിയപ്പെടുന്ന തച്ചനാണ്. അമ്മ ഇന്ദിര. മൂത്ത സഹോദരൻ പട്ടാളത്തിലാണ്. രണ്ടാമത്തെ സഹോദരൻ ഡ്രൈവർ. മോഹനൻ ആശാരിയുടെ ബന്ധുവാണ് ആര്യയുടെ അമ്മ പ്രഭ. അതുവഴിയാണ് വിവാഹാലോചന വന്നത്. അച്ഛൻ പി. ഭുവനേന്ദ്രൻ ആശാരി കെ.എസ്.ആർ.ടി.സിയിലെ റിട്ട. മെക്കാനിക്. ആര്യ ഏക മകളാണ്.
ലോക് ഡൗൺ കാലത്ത് ഇവർ ഇരുവരും എടുത്ത തീരുമാനത്തിന് പിൻന്തുണയർപ്പിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയത്. ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊറോണക്കാലത്ത് ജനങ്ങൾക്കായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും.