ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഒരു നഴ്‌സ് കരയുകയായിരുന്നു, സ്വന്തം കുഞ്ഞിന് പാലൂട്ടാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് : കൊറോണ ഐസോലേഷൻ വാർഡിൽ പ്രവർത്തിക്കുന്ന നഴ്‌സിന്റെ കുറിപ്പ് വൈറൽ

ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഒരു നഴ്‌സ് കരയുകയായിരുന്നു, സ്വന്തം കുഞ്ഞിന് പാലൂട്ടാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് : കൊറോണ ഐസോലേഷൻ വാർഡിൽ പ്രവർത്തിക്കുന്ന നഴ്‌സിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണക്കാലത്ത് രാപകലില്ലാതെ അക്ഷീണം ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകർ. കൊറോണക്കാലത്ത് മേശയിൽ തലവച്ചും കസേരയിലിരുന്നുമൊക്കെ ഉറക്കം തീർക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ചിത്രങ്ങൾ ഇതിനോടകം എല്ലാവരും സമൂഹമാധ്യമങ്ങളിൽ കൂടിയെങ്കിലും കണ്ടിട്ടുണ്ടാവും.

ഭക്ഷണവും ഉറക്കവുമൊക്കെ കളഞ്ഞാണ് പലരും കൊറോണയ്‌ക്കെതിരേ ഐസോലേഷൻ വാർഡിൽ ഭൂമിയിലെ മാലാഖമാർ ജോലിചെയ്യുന്നത്. ഇത്തരത്തിൽ പ്രിയപ്പെട്ടവരെ വിട്ടുനിന്ന് കൊറോണ വാർഡിൽ കഴിയുന്ന ഒരു നഴ്‌സിന്റെ കുറിപ്പാണ ഹ്യൂമൻസ് ഓഫ് ബോംബൈ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

”എനിക്ക് കോവിഡ് വാർഡിൽ ഡ്യൂട്ടിയുണ്ടെന്ന് അറിഞ്ഞപ്പോൾത്തന്നെ മക്കളെ ഞാൻ സഹോദരിയുടെ വീട്ടിലേക്കാക്കിയിരുന്നു. ഭർത്താവിനോട് ബൈ പറഞ്ഞ് പോകുമ്പോൾ ഒരിക്കലും കരുതിയില്ല, ഇനി ഇത്ര ദിവസങ്ങളോളം കാണാതിരിക്കേണ്ടി വരുമെന്ന്. ഭർത്താവിനെ കണ്ടിട്ട് ഇന്നേക്ക് പത്തു ദിവസത്തോളമായി. അദ്ദേഹം എങ്ങനെയായിരിക്കും കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടുപോകുന്നതെന്ന് ശരിക്കും അറിയില്ല.

ഇതു ശരിക്കും കഠിനമായ സമയമാണ്. ഓരോ ദിവസവും ഒരുപാടു രോഗികളെ പരിചരിക്കുന്നുണ്ട്, അതും മുഖത്ത് നിറപുഞ്ചിരിയോടെ. പക്ഷേ ചിലപ്പോഴൊക്കെ നിരാശപ്പെടുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ഒരുദിവസം ഒരു റെസ്റ്ററന്റിലെ ഹെഷായ രോഗിക്ക് ഭക്ഷണം കൊടുത്തപ്പോൾ നിങ്ങളുടെ പാചകക്കാരന് ഭക്ഷണം വെക്കാനറിയില്ലേയെന്നും ഇതെന്താണ് ഉണ്ടാക്കി വച്ചിരിക്കുന്നതെന്നും ചോദിച്ച് വലിച്ചെറിഞ്ഞു. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ശരിയാണ് ഞങ്ങൾ ഫൈവ്സ്റ്റാർ ഭക്ഷണമൊന്നും നൽകുന്നില്ലായിരിക്കാം, പക്ഷേ ഞങ്ങളുടെ പരമാവധി ചെയ്യുന്നുണ്ട്.

അതിനെ നന്ദിയോടെ സമീപിക്കുന്നവരുമുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് തലവേദനയുമായി വന്ന പ്രായമായൊരാളെ കൗൺസിലിങ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിട്ടുപോലും വൈറസ് ബാധയേറ്റോ എന്ന ഭയത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പമിരുന്ന് ശാന്തമായി സമ്മർദം കൊണ്ടാണ് തലവേദന വന്നതെന്ന് പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിന് കൂടെ നിന്നതിന് ഒരുപാടുനന്ദി പറഞ്ഞു.

എല്ലാ നഴ്‌സുമാരും ദിവസവും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെയൊക്കെ കണ്ടിട്ട് നാളുകളേറെയായി. ഉച്ചഭക്ഷണത്തിന് ഒത്തുകൂടുമ്‌ബോഴാണ് ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കുക. ഇന്നലെ ആ സമയത്ത് ഒരു നഴ്‌സ് കരയുകയായിരുന്നു, തന്റെ കുഞ്ഞിനെ പാലൂട്ടാൻ കഴിയുന്നില്ലല്ലോയെന്നോർത്ത്. കുടുംബത്തെ മിസ് ചെയ്താലും ഞങ്ങൾ കരുത്തരായിരിക്കണം.

അവസാനമായി ഞാൻ വീട്ടിലേക്കു പോയസമയത്ത് അയൽപക്കത്തുള്ളവരെല്ലാം കൈയടികളോടെയാണ് സ്വീകരിച്ചത്. പക്ഷേ എന്റെ ഒരു സഹപ്രവർത്തകന് അവന്റെ നാട്ടിലേക്കു പോകാൻ കഴിഞ്ഞില്ല. വൈറസ് ബാധയേറ്റിട്ടുണ്ടാവുമോ എന്ന് ഭയന്ന് നാട്ടുകാർ അവനെ തടഞ്ഞു. അതൊക്കെ കാണുമ്പോൾ ഒരു നന്ദിയില്ലാത്ത ജോലി ചെയ്യുന്നതുപോലെ തോന്നും.

സത്യം പറഞ്ഞാൽ എനിക്കെന്റെ മക്കളെ ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കണമെന്നുണ്ട്, അവരെ വീഡിയോ കോളിലൂടെ മാത്രമാണ് ഇപ്പോൾ കാണുന്നത്. എനിക്കറിയാം അവർ ഭയത്തിലാണെന്ന്. എനിക്ക് അവരെ കാണണമെന്നുണ്ടെങ്കിൽ നിങ്ങൾ ഓരോരുത്തരും വീട്ടിലിരിക്കണം… ദയവുചെയ്ത്….”

Tags :