കൊറോണ മഹാമാരിയ്ക്കിടെ മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം ; നേട്ടങ്ങളുടെ പട്ടികയിൽ കാശ്മീർ വിഭജനം മുതൽ ട്രാൻസ് ജെൻഡർ ശാക്തീകരണനിയമം വരെ ; വെല്ലുവിളിയായി പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും

കൊറോണ മഹാമാരിയ്ക്കിടെ മോദി സർക്കാരിന് ഒന്നാം വാർഷിക ആഘോഷം ; നേട്ടങ്ങളുടെ പട്ടികയിൽ കാശ്മീർ വിഭജനം മുതൽ ട്രാൻസ് ജെൻഡർ ശാക്തീകരണനിയമം വരെ ; വെല്ലുവിളിയായി പൗരത്വ ബില്ലും പൗരത്വ ഭേദഗതി നിയമവും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ വെല്ലുവിളിയായി മുന്നേരി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയ്ക്കിടെ നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷിക ആഘോഷം. ഒരു വർഷം പൂർത്തിയാകുമ്പോൾ വൈറസ് വ്യാപനം കണക്കിലെടുത്ത് ആഘോഷ പരിപാടികളെല്ലാം വെർച്വൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമായി ഒതുങ്ങുകയാണ്.

ഇതിനിടെ അതിർത്തിയിൽ ചൈനയും അവരുടെ പിൻബലത്തോടെ നേപ്പാളും ഇന്ത്യയ്‌ക്കെതിരേ കരുനീക്കം നടത്തുന്നു. പാക്കിസ്ഥാൻ തീവ്രവാദി ആക്രമണങ്ങളും കോവിഡ് മഹാമാരിയും ഇന്ത്യയ്ക്ക് നേരെ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. അസാധാരണമായ ഈ ഒരു സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനംപ്രതി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുമ്പോഴും ലോകത്തിന് മുന്നിൽ നരേന്ദ്ര മോദി തല ഉയർത്തി നിൽക്കുന്നത്. മോദി സർക്കാരിന്റെ ഒരു വർഷത്തെ ഭരണ നേട്ടങ്ങളിൽ ജമ്മു-കാശ്മീർ സംസ്ഥാന വിഭജനം മുതൽ ട്രാൻസ്‌ജെൻഡർ ശാക്തീകരണ നിയമം വരെ ഉണ്ട്.

എന്നാൽ പൗരത്വ ബില്ലും ദേശിയ പൗരത്വ നിയമ ഭേദഗതിയും മോദിക്കും കൂട്ടർക്കും ചില്ലറ വെല്ലുവിളിയല്ല ഉണ്ടാക്കിയത്.

ലോക്‌സഭയിൽ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. ജമ്മു-കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത്, ജമ്മുകശ്മീർ സംസ്ഥാന വിഭജനം, മുത്തലാഖ് നിർത്തലാക്കിയ നിയമനിർമ്മാണം, അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു ട്രസ്റ്റിന്റെ രൂപവൽക്കരണം എന്നിവ ബിജെപിയുടെ പ്രഖ്യാപിത നയങ്ങൾക്ക് അനുസൃതമായ നടപടികളായിരുന്നു.

എല്ലാവർക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഇവയിൽ ചിലതാണ്. കോർപറേറ്റ് നികുതി 25 ശതമാനമായി കുറച്ചത്, പ്രതിരോധമേഖലയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം, ബോഡോ സമാധാന ഉടമ്പടി, റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എന്നിവയും നേട്ടങ്ങളിൽപെടുന്നു.

2022ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികൾ പൂർത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. എല്ലാവർക്കും വീട് പോലെ തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള ജലശക്തി അഭിയാൻ, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് തുടങ്ങി വിഭാവന ചെയ്ത പല പദ്ധതികളും കോവിഡിൽ മങ്ങിപ്പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയെ ആരും എതിർത്തില്ല. വിമർശനം ഉയർന്നത് തയ്യാറെടുപ്പിനു സമയം നൽകാതെയാണ് അതു പ്രഖ്യാപിച്ചത് എന്നായിരുന്നു.

പക്ഷേ, നാല് കോടിയോളം അതിഥിത്തൊഴിലാളികൾക്കു വരുമാനവും പാർപ്പിടവും നഷ്ടമായി. തൊഴിലാളികൾ കുടുംബമായി അവരവരുടെ ഗ്രാമങ്ങളിലേക്ക് കാൽനടയായി നടന്നുനീങ്ങിയത് ഏവരുടെയും കണ്ണ് നനയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

ആഴ്ചകളുടെ കാത്തിരിപ്പിനും കണക്കു കൂട്ടലുകൾക്കും ശേഷം ലോക് ഡൗണിൽ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു പര്യാപ്തമാണോ എന്ന വിവാദം ഇപ്പോഴും തുടരുന്നു.