കോട്ടയത്തിന്റെ കൊറോണക്കാലത്തിന് ഇനി വിട :  തോമസും മറിയാമ്മയും സുഖമായിരിക്കുന്നു; ജോലിക്ക് തിരികെ വരാനൊരുങ്ങി രേഷ്മ

കോട്ടയത്തിന്റെ കൊറോണക്കാലത്തിന് ഇനി വിട : തോമസും മറിയാമ്മയും സുഖമായിരിക്കുന്നു; ജോലിക്ക് തിരികെ വരാനൊരുങ്ങി രേഷ്മ

സ്വന്തം ലേഖകൻ

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയയുടന്‍ തോമസും മറിയാമ്മയും ആവശ്യപ്പെട്ടത് തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും കാണണമെന്നായിരുന്നു. പലരും സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും ഏതാനും പേര്‍ എത്തി. സാമൂഹിക അകലം പാലിച്ച് അപ്പച്ചനോടും അമ്മച്ചിയോടും കുശലാന്വേഷണം നടത്തി.

ചികിത്സിച്ച ദിവസങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നവരെ നേരില്‍ കണ്ടപ്പോള്‍ ഇരുവരുടെയും മനസുനിറഞ്ഞു. ഇരുവരെയും പരിചരിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്ത നഴ്സ് രേഷ്മ കൂടി എത്തിയതോടെ ആഹ്ളാദം ഇരട്ടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സവഴി കോവിഡ് മുക്തരായ റാന്നി സ്വദേശി തോമസും(93) ഭാര്യ മറിയാമ്മയും(88) ആശുപത്രിയിലെതന്നെ സ്റ്റാഫ് നഴ്സ് രേഷ്മ മോഹന്‍ദാസും ഡോക്ടര്‍മാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നതനുസരിച്ചാണ് ഇന്നലെ(ഏപ്രില്‍ 16) വീണ്ടും പരിശോധനയ്ക്കെത്തിയത്. മൂവരുടെയും ആരോഗ്യ സ്ഥിതി മെഡിക്കല്‍ സംഘം വിലയിരുത്തി. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള തോമസിന് ഹൃദ്രോഗവിദഗ്ധര്‍ പ്രത്യേക പരിശോധനയും നടത്തി.

ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ നടത്തിയ പോരാട്ടത്തിന്‍റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന നിമിഷങ്ങളില്‍ സുഖമല്ലേ എന്ന ഡോക്ടര്‍മാരുടെ ചോദ്യത്തിന് അതേ… എന്ന് തോമസും മറിയാമ്മയും ഒരേ സ്വരത്തിലാണ് മറുപടി പറഞ്ഞത്. “ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. വിശപ്പ് അല്‍പ്പം കൂടുതലാണെങ്കിലേയുള്ളൂ” തോമസ് കൂട്ടിച്ചേര്‍ത്തു.

രോഗമുക്തി നേടിയ പ്രായം കൂടിയ ദമ്പതികളെന്ന നിലയില്‍ ആഗോളതലത്തില്‍പോലും ശ്രദ്ധ നേടിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. “ഇവിടം ഒത്തിരി ഇഷ്ടമാണ്. വേണമെങ്കില്‍ ഒരാഴ്ച്ചകൂടി താമസിക്കാം”-യാത്ര പറയുമ്പോള്‍ തോമസിന്‍റെ വാക്കുകള്‍ ചിരി പടര്‍ത്തി.

രോഗവിമുക്തി നേടിയ പത്തനംതിട്ടയിലെയും കോട്ടയത്തെയും ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഏപ്രില്‍ മൂന്നിന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട തോമസും മറിയാമ്മയും രേഷ്മയും ക്വാറന്‍റയിന്‍ കാലാവധി പൂര്‍ത്തിയാക്കി. ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാണെന്ന് രേഷ്മ പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സാംക്രമിക രോഗചികിത്സാ വിഭാഗം മേധാവി ഡോ. സജിത്ത്കുമാര്‍, ആര്‍.എം.ഒ ഡോ. ആര്‍.പി. രഞ്ജിന്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു