കരുതലോടെ കേരളം…! വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരിൽ ചുമ, പനി എന്നിവയുള്ളവരോട് 28 ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നെറ്റ് സ്പീഡ് ഉറപ്പാൻ ജിയോ

കരുതലോടെ കേരളം…! വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരിൽ ചുമ, പനി എന്നിവയുള്ളവരോട് 28 ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നെറ്റ് സ്പീഡ് ഉറപ്പാൻ ജിയോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണയെ തുരത്താൻ കരുതലോടെ സംസ്ഥാന സർക്കാർ. കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്നു തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എ, ബി, സി കാറ്റഗറികളായി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ കാറ്റഗറി ‘എ’യിലാണ്. ഇവർ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.

കടുത്ത പനിയും തൊണ്ടവേദനയുമുള്ളവരെയും ചെറിയ പനി, ചുമ എന്നിവയുള്ള ഗർഭിണികൾ, 60 വയസിനുമേൽ പ്രായമുള്ളവർ, ഗുരുതര രോഗബാധിതർ എന്നിവരെയും കാറ്റഗറി ‘ബി’യിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ടൽ, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ എന്നിവയുള്ളവരെ കാറ്റഗറി ‘ സി’യിൽ ഉൾപ്പെടുത്തി ആശുപത്രി ഐസലേഷനിൽ ചികിത്സ നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 ബാധയില്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവരും പതിനാല് ദിവസം വീടുകളിൽ കഴിയണം. വയോധികരിലും മറ്റു രോഗങ്ങളുള്ളവരിലുമാണു കോറോണ വൈറസ് മാരകമായി മാറുന്നത്. വിദേശരാജ്യങ്ങളിൽ നിന്നു വരുന്നവർ ഇത്തരക്കാരെയും തിരിച്ചും സന്ദർശിക്കരുത്. പഞ്ചായത്ത്, കുടുംബശ്രീ, ആശ വർക്കർമാർ എന്നിവരെ സംയോജിപ്പിച്ചു വയോജനങ്ങളെ സംരക്ഷിക്കും.പാതയോരങ്ങളിൽ കഴിയുന്നവർക്കും പ്രത്യേക പരിരക്ഷ ഒരുക്കും.

പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ആരോഗ്യവകുപ്പിന്റെ 12 സംഘങ്ങളാണ് കോവിഡ് നിയന്ത്രണത്തിന് പ്രവർത്തിക്കുന്നത്. ഞായറാഴ്ച മുതൽ 24 മണിക്കൂറും വിശ്രമമില്ലാത്ത സേവനം. ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിന്റെയും അവരുമായി അടുത്ത് ഇടപഴകിയവരുടെയും യാത്രാമാപ്പ് തയ്യാറാക്കുന്നതിന് 4000 വീടുകളിലെങ്കിലും ഇവർ ചുരുങ്ങിയ ദിവസത്തിനിടെ എത്തി.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള ഐ.സി.ഡി.എസ്. സേവനങ്ങൾ വീട്ടിലെത്തിച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 33,115 അങ്കണവാടികളിലെ 3.75 ലക്ഷത്തോളം വരുന്ന അങ്കണവാടി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും രണ്ട് ലക്ഷത്തോളം കൗമാര പ്രായക്കാർക്കും 4.75 ലക്ഷത്തോളം മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും നേരത്തെതന്നെ പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ച് വരുന്നുണ്ട്. .

കൊറോണ ഭീതിയിൽ ജീവനക്കാരും, വിദ്യാർത്ഥികളും വീട്ടിലിരിക്കേണ്ടി വരികയും ജീവനക്കാർക്ക് അവരുടെ ജോലികൾ ഇന്റർനെറ്റിന്റെ സഹായത്തോടെ വീട്ടിലിരുന്ന് ചെയ്യുകയും ചെയ്യുന്നതിനാൽ ഇന്റർനെറ്റിൽ തിരക്ക് വർധിക്കാനിടയുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ സ്ഥലങ്ങളിലും ഇന്റർനെറ്റിന്റെ സാങ്കേതിക സൗകര്യം വർധിപ്പിക്കാൻ ജിയോ പ്രാപ്തമാണെന്ന് കമ്പനി പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. ഇന്റർനെറ്റ് ഉപയോഗത്തിൽ ഇപ്പോഴത്തെ സന്ദർഭത്തിൽ ഉണ്ടാകാവുന്ന വർധിത ആവശ്യം 40% വരെ കൂടുതൽ കൈകാര്യം ചെയ്യുവാൻ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു.