പൊലീസിന്റെ ഗുരുതര വീഴ്ച ..! കണ്ണൂരില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു ; വിവരങ്ങള്‍ ചോര്‍ന്നത് പൊലീസിന് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നും

പൊലീസിന്റെ ഗുരുതര വീഴ്ച ..! കണ്ണൂരില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു ; വിവരങ്ങള്‍ ചോര്‍ന്നത് പൊലീസിന് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നും

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഏറെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട കൊറോണ വൈറസ് ബാധിതരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ണൂരില്‍ ചോര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥമൂലമാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിവരങ്ങള്‍ ചോര്‍ന്നത് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു.അതേസമയം മേല്‍വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോര്‍ന്നത് സൈബര്‍ പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗില്‍ മാപ്പ് ലിങ്കില്‍ നിന്നും രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോര്‍ന്നത്. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച ആപ്പ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കോവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്.

ഈ ആപ്പിലൂടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കോവിഡ് രോഗ ബാധിതരുടെ വിശദാംശങ്ങളും പൊലീസുകാര്‍ക്ക് അനായാസം ലഭിക്കും.

രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിക്കുക.

രഹസ്യ പാസ്‌വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‌വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന.

രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ ആപ്പ് നീക്കംചെയ്തതായാണ് റിപ്പോര്‍ട്ട്. ആപ്പ് നിര്‍മിച്ച സൈബര്‍ വിങിലെ പൊലീസുകാരന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തിരിക്കുന്നതും.

 

രോഗികളുടെ ഫോണിലേക്ക് നിരന്തരം വിളി എത്തിയതോടെയാണ് വിവരം ചോര്‍ന്നുവെന്ന് വ്യക്തമായത്. കാസര്‍കോട് കോവിഡ് ബാധിതരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്. വിവര ശേഖരണ, ഡാറ്റ ബേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയാണിത്.

വിവരങ്ങള്‍ പുറത്തുള്ളവര്‍ക്ക് കിട്ടിയതില്‍ അത്ഭുതമില്ല. മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ടാകും. അതിന് അനുവദിക്കില്ല. എസ്.പിയുടെ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.