സഹകരണ ബാങ്ക് ജീവനക്കാരന് ഗ്രാറ്റുവിറ്റി നൽകിയില്ല; കടുത്തുരുത്തിയിൽ പള്ളിയും വൈദികനും കോൺഗ്രസിനെതിരെ; ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി നൽകണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുടെ കത്ത് കോൺഗ്രസ് നേതൃത്വത്തിന്

സഹകരണ ബാങ്ക് ജീവനക്കാരന് ഗ്രാറ്റുവിറ്റി നൽകിയില്ല; കടുത്തുരുത്തിയിൽ പള്ളിയും വൈദികനും കോൺഗ്രസിനെതിരെ; ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി നൽകണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുടെ കത്ത് കോൺഗ്രസ് നേതൃത്വത്തിന്

Spread the love

തേർഡ് ഐ ബ്യൂറോ

കടുത്തുരുത്തി: കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി തുക പൂർണമായും നൽകണമെന്നാവശ്യപ്പെട്ട് പള്ളിയുടെ വൈദികനും കോൺഗ്രസിനെതിരെ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് കടുത്തുരുത്തി വലിയ പള്ളി വികാരിയാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കെ.പി.സി.സിയ്ക്കും പരാതി നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട കോൺഗ്രസിനു ഭീഷണിയാകുന്നതാണ് ഇപ്പോൾ കടുത്തുരുത്തിയിലെ പള്ളിയിൽ നിന്നും ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി.

കടുത്തുരുത്തി അർബൻ ബാങ്കിലെ ജീവനക്കാരനായിരുന്ന മാത്യു 2013 ലാണ് വിരമിച്ചത്. ഇദ്ദേഹം വിരമിച്ച ശേഷം ഇദ്ദേഹത്തിന്റെ ഗ്രാറ്റുവിറ്റിതുക നൽകാൻ കോൺഗ്രസ് ഭരണം നടത്തുന്ന ബാങ്ക് ഭരണ സമിതി ഇതുവരെയും നടപടിയെടുത്തില്ല. തുടർന്നു, ഇദ്ദേഹം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടും ബാങ്ക് ഭരണസമിതി കൃത്യമായ കാരണങ്ങൾ പറയാതെ ഇദ്ദേഹത്തിന്റെ ഗ്രാറ്റുവിറ്റി തുക തടഞ്ഞു വച്ചിരിക്കുകയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ജൂൺ 29 ന് കടുത്തുരുത്തി വലിയ പള്ളി വിഷയത്തിൽ ഇടപെടുന്നത്. തുടർന്നു കടുത്തുരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തു നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയും, കെ.പി.സി.സിയെയും കത്തിന്റെ ആവശ്യങ്ങൾ അടക്കം അറിയിച്ചിരുന്നു. എന്നാൽ, ഈ കത്തിന്മേൽ യാതൊരു വിധ നടപടിയും സ്വീകരിക്കാൻ അർബൻ ബാങ്ക് അധികൃതർ തയ്യാറായില്ല. ഇതേ തുടർന്നാണ്, നവംബർ 13 ന് ബാങ്കിനെതിരെ കടുത്തുരുത്തി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനു ഇദ്ദേഹം കത്തു നൽകിയത്.

അർബൻ ബാങ്ക് പ്രസിഡന്റിന്റെ പിടിവാശി മൂലമാണ് ഇത്തരത്തിൽ ഇദ്ദേഹത്തിനു ഗ്രാറ്റുവിറ്റി തുക നൽകാത്തതെന്നാണ് പള്ളിയുടെ ആരോപണം. ഈ ആവശ്യം ഉന്നയിച്ച് ഉമ്മൻചാണ്ടിയ്ക്കും, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിനും കത്തു നൽകിയതാണെന്നും എന്നും നടപടിയുണ്ടായില്ലെന്നും പള്ളി വികാരി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഉടനടി നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കോൺഗ്രസ് നേതൃത്വത്തിനു പള്ളികമ്മിറ്റിയുടെ താക്കീതുമുണ്ട്.