ഇത് അനിതരസാധാരണമായ ജീവിതം;പകർത്തേണ്ട ജീവിത പുസ്തകം;വി എസ് വ്യത്യസ്തനാകുന്നത് ഇങ്ങനെ;പകർച്ചവ്യാധികളും പട്ടിണിയും; പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിഎസിന്റെ ബാല്യവും കൗമാരവും യൗവനവും

ഇത് അനിതരസാധാരണമായ ജീവിതം;പകർത്തേണ്ട ജീവിത പുസ്തകം;വി എസ് വ്യത്യസ്തനാകുന്നത് ഇങ്ങനെ;പകർച്ചവ്യാധികളും പട്ടിണിയും; പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു വിഎസിന്റെ ബാല്യവും കൗമാരവും യൗവനവും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളം ഒരു ഇരുട്ടറയായിരുന്നു. പകർച്ചവ്യാധികളും പട്ടിണിയും നിറഞ്ഞ ലോകം. അവിടെ ഏറ്റവും താഴെക്കിടയിലുള്ള ആളുകൾക്കിടയിലാണ് വി.എസ്.അച്യുതാനനന്ദൻ ജനിച്ചത്. സിപിഐഎമ്മിന്റെ തലപ്പത്തേക്കുയർന്ന മറ്റു പല നേതാക്കൾക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ആ ബാല്യവും കൗമാരവും യൗവനവും.

കൊല്ലവർഷം 1099- ഇം​ഗ്ലീഷ് വർഷം 1924 ജൂലൈ 17. വെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ തകഴി എഴുതി. ‘ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമുണ്ട്. മേൽക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നൻ നിലവിളിച്ചു. ആരു കേൾക്കും.’

മലയാളത്തിന്റെ മഹാകഥാകാരൻ തകഴി എഴുതിയ 99ലെ ആ വെള്ളപ്പൊക്കം. അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടേയും മകന് ജനിച്ചിട്ട് അന്ന് 10 മാസമേ ആയിരുന്നുള്ളു. കഥയിലെ ചേന്നനെ പോലെ നിലവിളിച്ചു വരുത്തിയ വള്ളത്തിൽ ശങ്കരൻ ആ കുടുംബത്തെ ഒരു തുരുത്തിൽ എത്തിച്ചു. അതായിരുന്നു അച്ചു എന്ന ബാലന്റെ ആദ്യത്തെ അതിജീവനം.
രണ്ടാമത് വസൂരി. അച്യുതാനന്ദന് അന്ന് വയസ് നാല്. നാട്ടിൽ തന്നെ ആദ്യം ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. വസൂരി അക്കമ്മയെ കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ അപ്പച്ചിയുടെ മേൽനോട്ടത്തിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസൂരിയെ അതിജീവിച്ച കുട്ടികൾക്കു സങ്കടങ്ങളും ആധികളും പിന്നെയും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അച്യുതാനന്ദന് 11 വയസാണിപ്പോൾ. അച്ഛൻ ശങ്കരൻ മരിച്ചു. പിന്നെ, കുട്ടികൾ സ്‌കൂളിൽ പോയില്ല. തയ്യൽക്കട നടത്തിയിരുന്ന ജ്യേഷ്ഠൻ ഗംഗാധരന്റെ ഒപ്പം കൂടി അച്യുതാനന്ദൻ.
ജ്യേഷ്ഠന്റെ പീടികയിൽ രണ്ടാൾക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയർ ഫാക്ടറിയിലേക്ക്. ആസ്പിൻവാൾ എന്ന അയ്യായിരം തൊഴിലാളികൾ ഉള്ള ഇടം. ആ ആൾക്കൂട്ടത്തിൽ നിന്നാണ് പി.കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്.

1939ൽ കണ്ണൂർ പാറപ്പുറത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയിൽ ആദ്യ അംഗത്വമെടുത്ത അച്യുതാനന്ദന് പിന്നീട് ജീവിതമെന്നാൽ പാർട്ടിയായി. ആ പ്രവർത്തനത്തിലും ഉണ്ടായിരുന്നു ജീവൻ വരെ നഷ്ടമായി എന്നു കരുതിയ സന്ദർഭങ്ങൾ. പുന്നപ്രവയലാർ സമരത്തിനു പിന്നാലെ പൂഞ്ഞാറിൽ നിന്നാണ് അറസ്റ്റിലായത്. പൂഞ്ഞാർ പൊലീസ് സ്റ്റേഷനിലും പാലാ ഔട്ട് പോസ്റ്റിലും വച്ചുണ്ടായ കൊടിയ മർദനങ്ങൾക്കൊടുവിൽ മരിച്ചെന്നു കരുതി പൊലീസ് ഉപേക്ഷിച്ചു പോയതാണ് വിഎസിനെ.

ജീവിതം നൂറ്റാണ്ടിന്റെ ശോഭ ചൊരിയുമ്പോൾ ആ പൊതുപ്രവർത്തനത്തിനു തന്നെ 84 വർഷമാവുകയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട പൊതുജീവിതം എന്നു പറയാം.

വിപ്ലവസൂര്യന് ഹൃദയാഭിവാദ്യങ്ങൾ…