സിവില്‍ സപ്ലൈസ് അനാസ്ഥ: നശിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ രാത്രിയുടെ മറവില്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം

സിവില്‍ സപ്ലൈസ് അനാസ്ഥ: നശിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ രാത്രിയുടെ മറവില്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ

മട്ടാഞ്ചേരി: സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗജന്യ റേഷന്‍ കിറ്റ് വിതരണ പാക്കിങ്ങിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്തു.

ഞായറാഴ്ച രാത്രി രഹസ്യമായാണ് ഇവ നീക്കിയത്. മട്ടാഞ്ചേരി പാലസ് റോഡിലെ സാമുദ്രി സദന്‍ (ബാങ്ക് ഹൗസ് ) ഹാളിലും അടുത്തുള്ള സംഭരണ കേന്ദ്രത്തിലുമാണ് ഭക്ഷ്യവസ്തുക്കള്‍ നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവ കെട്ടിക്കിടന്ന് നശിക്കുന്നത് സംബന്ധിച്ച്‌ വാര്‍ത്ത വരുകയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്ത പശ്ചാത്തലത്തിലാണ് രഹസ്യമായ നീക്കംചെയ്യല്‍. മേലുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റുന്നതെന്ന് സംഭരണ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, നീക്കം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ എന്ത് ചെയ്യുമെന്നത് തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇത് കുഴിച്ചുമൂടാനാണ് സാധ്യത.

പാവങ്ങള്‍ക്ക് ലഭിക്കേണ്ട കിറ്റ് ഉല്‍പന്നങ്ങള്‍ നശിക്കാന്‍ ഇടയാക്കിയതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്ത് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉല്‍പന്നങ്ങള്‍ നശിക്കുന്ന സ്ഥിതിക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

2021 ആഗസ്റ്റിലാണ് കിറ്റ് വിതരണം നിര്‍ത്തലാക്കിയത്. മട്ടാഞ്ചേരി മേഖലകളിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്തിരുന്ന കിറ്റുകള്‍ പാക്ക് ചെയ്യുന്ന കേന്ദ്രമായിരുന്നു ബാങ്ക് ഹൗസ് ഹാള്‍.

റേഷന്‍ കിറ്റ് വിതരണം നിര്‍ത്തലാക്കി ഏഴ് മാസം പിന്നിട്ടിട്ടും ബാക്കി വന്നവ നീക്കുന്നതില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ അനാസ്ഥയിലാണ് പ്രതിഷേധം. മൂന്ന് തരം അരി, പഞ്ചസാര, ഉഴുന്ന്, കടല, ചെറുപയര്‍, ആട്ട, ശര്‍ക്കരവരട്ടി, തേയില, വെളിച്ചെണ്ണ, ഉപ്പ് തുടങ്ങിയ കിറ്റ് ഉല്‍പന്നങ്ങളാണ് നശിച്ചത്.

സംഭരണ കേന്ദ്രത്തിന്‍റെ ജനലഴികള്‍ തകര്‍ന്ന നിലയിലാണ്. ഏഴ് മാസമായിട്ടും നീക്കം ചെയ്യുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യാത്ത ഉല്‍പന്നങ്ങളില്‍ ഏറിയ പങ്കും രാത്രികാലങ്ങളില്‍ മോഷ്ടിക്കപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.