നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ റജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ ലേബര്‍ ഓഫിസര്‍
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ച കേസില്‍ 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ റജിസ്‌ട്രേഷന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് തെക്കുംകര മലാക്കയില്‍ വീടുപണിക്കു ഗ്രാനൈറ്റ് ഇറക്കുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികള്‍ വീട്ടുടമ കദളിക്കാട്ടില്‍ പ്രകാശന്റെ(53) കൈ തല്ലിയൊടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായ 8 തൊഴിലാളികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.വി.വി.ജയകുമാര്‍, പി.വി.രാധാകൃഷ്ണന്‍, കെ.ജെ.ജോര്‍ജ്, എം.ആര്‍.രാജേഷ്, സി.എസ്.വിഷ്ണു, എ.എസ്.ഷാജന്‍, കെ.എം.ബഷീര്‍, എം.ബി.സുകുമാരന്‍, യു.വി.തമ്ബി, സി.ആര്‍.രാജീവന്‍ എന്നിവരുടെ തൊഴില്‍ കാര്‍ഡാണു സസ്‌പെന്‍ഡ് ചെയ്തത്.
കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ വി.കെ.റഫീക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കേരള ചുമട്ടു തൊഴിലാളി നിയമപ്രകാരം ഗാര്‍ഹിക മേഖലയിലെ കയറ്റിറക്ക് ചുമട്ടുതൊഴിലില്‍ ഉള്‍പ്പെടില്ലെന്നും ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കാമെന്നും നോക്കുകൂലി ആവശ്യപ്പെടുകയോ വീട്ടുടമയെ തൊഴിലില്‍ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും വ്യവസ്ഥ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.