ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപാനശീലം; മുതലെടുത്ത് യുവാക്കള്‍

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപാനശീലം; മുതലെടുത്ത് യുവാക്കള്‍

സ്വന്തം ലേഖകൻ
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളില്‍ ഒരാളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടികളുടെ മൊഴി. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരു ട്രെയിനില്‍ കയറിയ പെണ്‍കുട്ടികള്‍ വൈറ്റ് ഫീല്‍ഡ് എത്താറായപ്പോഴാണ് യുവാക്കളെ പരിചയപ്പെട്ടത്. തങ്ങള്‍ ഗോവയിലേക്ക് പോവുകയാണെന്നും താമസിക്കാന്‍ മുറിയെടുത്ത് നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടികളുടെ ആവശ്യം. യുവാക്കള്‍ തയ്യാറാവുകയും ചെയ്തു.

തങ്ങളുടെ ഫ്ളാറ്റിലെത്തി കുളിച്ച് ഫ്രഷായി പോകാമെന്ന് യുവാക്കള്‍ പറഞ്ഞു. ഇതനുസരിച്ച് എല്ലാവരും ഫ്ളാറ്റിലെത്തി. തുടര്‍ന്ന് യുവാക്കള്‍ പുറത്തുപോയി ഭക്ഷണവും മദ്യവുമായി എത്തി. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പെണ്‍കുട്ടി മദ്യലഹരിയിലായതോടെ യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ ബഹളം വച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജുവനൈല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

അതേസമയം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ മാതാവിനൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ മകള്‍ സുരക്ഷിതമല്ലെന്നും തന്നോടൊപ്പം പറഞ്ഞയക്കണമെന്നും കാണിച്ച് മാതാവ് കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാന്‍ ഇന്ന് സി.ഡബ്ല്യു.സി യോഗം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം രണ്ടുതവണ ഈ മാതാവ് ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചിരുന്നു. എന്നാല്‍, തുടര്‍ വിദ്യാഭ്യാസം അടക്കം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിര്‍ത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെണ്‍കുട്ടി അടക്കം 6 പേരെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്.

ബാലമന്ദിരത്തിലെ മോശം സാഹചര്യം മൂലമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് കുട്ടികള്‍ നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. തിരികെ ബാലമന്ദിരത്തിലെത്തിച്ച കുട്ടികളിലൊരാള്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.അതേസമയം, ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ന് തീരുമാനം ഉണ്ടാവും. ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതികള്‍ സ്റ്റേഷനിലുള്ളപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സൂചന.