നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ എത്തിയ പൊലീസിനു മുന്നിൽ മൃതദേഹം വച്ച് വിലപേശി നഗരസഭ. തരിമ്പും കരുണയില്ലാതെ , പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വച്ച് വില പറഞ്ഞ നഗരസഭയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പൊലീസ് നിന്നു. യൂണിഫോമിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ ഇരിക്കേണ്ടി വരുമെന്ന എസ്‌ഐ അനൂപ് സി നായരുടെ ഭീഷണിയ്ക്ക് മുന്നിൽ നഗരസഭ വഴങ്ങി. എന്നാൽ , സ്ഥലം വിട്ടു നൽകിയെങ്കിലും തൊഴിലാളികളെ നഗരസഭ വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെ , എ.എസ്.ഐ സാബു യൂണിഫോമിൽ കുഴിയെടുക്കാനിറങ്ങി. ഏറ്റുമാനൂർ നഗരസഭയിൽ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച നാടകീയ സംഭവങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമാപിച്ചത്.

ഏറ്റുമാനൂർ നഗരസഭയാണ് നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലം നൽകാതെയിരുന്നത്. നഗരസഭ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ ഇടമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കുട്ടിയുടെ മൃതദേഹവുമായി എസ്.ഐ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നഗരസഭ മൃതദേഹം സംസ്‌കരിക്കുന്നതിനായി സ്ഥലം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധങ്ങൾക്കൊടുവിൽ 36 മണിക്കൂർ വൈകി സ്ഥലം അനുവദിക്കാൻ തയ്യാറായ നഗരസഭ കുഴിയെടുക്കാൻ ജീവനക്കാരെ നൽകിയില്ല. ഇതേതുടർന്ന് ഏറ്റുമാനൂർ എ. എസ്.ഐ സജിയാണ് മൃതദേഹം സംസ്‌കരിക്കാൻ കുഴിയെടുത്തത്.

ഏറ്റുമാനൂർ നഗരസഭ പരിധിയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം തെള്ളകം മിറ്റേര അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവത്തോടെ കുട്ടി മരിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സൂചന ലഭിച്ച പൊലീസ് സംഘം കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം പൊലീസിന് വിട്ടു കിട്ടി. അവകാശികൾ ഇല്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തന്നെ തീരുമാനിച്ചു. ഇതിനായി നഗരസഭയിൽ ഏറ്റുമാനൂർ പൊലീസ് എത്തി. എന്നാൽ , പൊതുശ്മശാനത്തിൽ ഇടമില്ലന്ന് ചൂണ്ടിക്കാട്ടി ആദ്യം ഒഴിവാക്കിയ നഗരസഭ , പിന്നീട് മിറ്റേര ആശുപത്രി അതിരമ്പുഴ പഞ്ചായത്തിലാണ് എന്ന ന്യായം പറഞ്ഞു. ഇതേ തുടർന്ന് പൊലീസ് അതിരമ്പുഴ പഞ്ചായത്തിനെ ബന്ധപ്പെട്ടു. ഇവിടെ പൊതുശ്മശാനം ഇല്ലന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി. തുടർന്ന് , അതിരമ്പുഴ പഞ്ചായത്തിൽ നിന്നും കത്ത് വാങ്ങി നൽകിയാൽ സംസ്‌കാരം നടത്താമെ നായി നഗരസഭ.

അതിരമ്പുഴ പഞ്ചായത്തിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള കത്ത് പൊലീസ് വാങ്ങി. അഞ്ച് മണിയോടെ ഇൻക്വസ്റ്റ് റിപ്പോർട്ടുമായി പൊലീസ് എറ്റുമാനൂർ നഗരസഭയെ സമീപിച്ചിരുന്നു. എന്നിട്ടും നഗരസഭ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ പൊലീസ് വീണ്ടും നഗരസഭയെ സമീപിച്ചു. എന്നാൽ കോട്ടയം നഗരസഭയിൽ കൊണ്ടുപോയി സംസ്‌കരിക്കാനായിരുന്നു നഗരസഭ പറഞ്ഞത്. ഇത് പൊലീസുകാർ അംഗീകരിച്ചില്ല. തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്താൻ പൊലീസുകാർ തയ്യാറെടുത്തത്.

എന്നാൽ ക്രിമിറ്റോറിയം പണി നടന്നുകൊണ്ടിരിക്കുയാണെന്നും അതിനാൽ സ്ഥലമില്ലാത്തതിനാലാണ് സംസ്‌കരിക്കാൻ സ്ഥലം നൽകാതിരുന്നത്. ശവ സംസ്‌കാരം നടത്താൻ കുഴിയെടുക്കുമ്പോൾ മറ്റ് ശവശരീരങ്ങൾ പൊങ്ങി വരികയാണെന്നും നഗരസഭ ചെയർപേഴ്‌സൺ ജോർജ് പുല്ലാട്ട് പറഞ്ഞു. കുട്ടി മരിച്ചത് തങ്ങളുടെ നഗരസഭയ്ക്ക് കീഴിലല്ലെന്നും അതിരമ്പുഴ പഞ്ചായത്തിലാണെന്നും അവരാണ് മൃതദേഹം മറവുചെയ്യേണ്ടതെന്നും ജോർജ് പറഞ്ഞു