ചങ്ങനാശേരി അനുതീയറ്ററിലെ സീറ്റ് കീറിയ പ്രതികൾ പിടിയിൽ: നഷ്ടപരിഹാരം നൽകി കേസിൽ നിന്നും തലയൂരി പ്രതികൾ; യുവാക്കൾക്ക് കെണിയായത് തീയറ്ററിനുള്ളിലെ ക്യാമറ

ചങ്ങനാശേരി അനുതീയറ്ററിലെ സീറ്റ് കീറിയ പ്രതികൾ പിടിയിൽ: നഷ്ടപരിഹാരം നൽകി കേസിൽ നിന്നും തലയൂരി പ്രതികൾ; യുവാക്കൾക്ക് കെണിയായത് തീയറ്ററിനുള്ളിലെ ക്യാമറ

സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരി അനു തീയറ്ററിലെ സീറ്റ് കുത്തിക്കീറിയ പ്രതികൾ പിടിയിൽ. മല്ലപ്പള്ളി സ്വദേശികളായ നാലംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
എന്നാൽ, പ്രതികൾക്കെതിരെ പരാതി നൽകിയ തീയറ്റർ ഉടമകൾ നഷ്ടപരിഹാരം ഈടാക്കി കേസ് ഒത്തു തീർപ്പാക്കാൻ തയ്യാറാകുകയായിരുന്നു. ഇതോടെയാണ് പ്രതികൾ ജയിലിൽ പോകാതെ രക്ഷപെട്ടത്.
കഴിഞ്ഞ ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന സിനമയ്ക്ക് ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് എടുത്ത് കയറിയതായിരുന്നു പ്രതികൾ തീയറ്ററിനുള്ളിൽ കയറി സിനിമ ഇഷ്ടപ്പെടാതെ വന്നതോടെ പ്രതികൾ സീറ്റ് കുത്തിക്കീറുകയായിരുന്നു.
 തീയറ്ററിനുള്ളിൽ പരിശോധന നടത്തിയ തീയറ്റർ ജീവനക്കാരാണ് സീറ്റ് കീറിയിരിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ച പ്രതികളെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സിസിടിവി ക്യാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രതികളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സ്റ്റേഷനിൽ ഹാജരായപ്പോൾ ഇവരുമായി ഒത്തു തീർപ്പിന് തയ്യാറാണെന്ന് തീയറ്റർ ഉടമകളുടെ പ്രതിനിധി അറിയിക്കുകയായിരുന്നു. തുടർന്ന് നഷ്ടപരിഹാരം ഈടാക്കിയ ശേഷം , എഴുതിവയ്പ്പിച്ച ശേഷം ഇവരെ വിട്ടയച്ചു.