ചെർപ്പുളശേരിയിൽ ഹിന്ദു ബാങ്കിൻ്റെ പേരിൽ വൻ തട്ടിപ്പ്:  ലക്ഷങ്ങൾ തട്ടിയത് സംഘ പരിവാർ നേതാക്കൾ: സംഘം സംശയ നിഴലിൽ

ചെർപ്പുളശേരിയിൽ ഹിന്ദു ബാങ്കിൻ്റെ പേരിൽ വൻ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയത് സംഘ പരിവാർ നേതാക്കൾ: സംഘം സംശയ നിഴലിൽ

തേർഡ് ഐ ബ്യൂറോ

തൃശൂർ: കുടകര കുഴൽപ്പണ , തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന് പിന്നാലെ സംഘപരിവാറിനെ ആരോപണത്തിൽ നിർത്തി പെർപ്പുളശേരിയിൽ ഹിന്ദു ബാങ്ക് തട്ടിപ്പും. സംഘം ബാങ്കിൻ്റെ പേരിൽ കോടികൾ പിരിച്ച് തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.

ചെർപ്പുളശേരിയിൽ ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്‌) ന്റെ പേരിൽ സംഘപരിവാർ നടത്തിയത്‌ കോടി കണക്കിന്‌ രൂപയുടെ തട്ടിപ്പാണെന്നാണ് ആരോപണം ഉയരുന്നത്. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടർന്നാണ്‌ ബാങ്ക് കഴിഞ്ഞദിവസം പൂട്ടിയത്. സജീവ ആർഎസ്എസ് പ്രവർത്തകനും സംഘപരിവാറിന്റെ സോഷ്യൽമീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയർമാൻ സുരേഷ് കൃഷ്‌ണക്കെതിരെ 15 പേർ ചെർപ്പുളശേരി പൊലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്ന് 97 ലക്ഷം രൂപ സ്വരൂപിച്ചെന്നാണ് പരാതി. ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങൾ ചെയർമാൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും ആരോപണമുണ്ട്‌. അതേസമയം, ബാങ്കിന്റെ ഡയറക്‌ടർമാർ തന്നെ ചെയർമാനെതിരെ പരാതി നൽകി നിക്ഷേപകരെ കബളിപ്പിക്കാനാണ്‌ ആർഎസ്എസ് – ബിജെപി നേതാക്കളുടെ നീക്കം.

നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന്‌ രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആർഎസ്എസ് -ബിജെപി നേതാക്കളായ ഡയറക്‌ട‌ർമാരെ രക്ഷപ്പെടുത്താനാണ്‌ ഭരണസമിതിയിലെ ഒരാൾക്കെതിരെ പരാതി നൽകിയത്‌. ഈ തട്ടിപ്പ് ആർഎസ്എസ് – ബിജെപി നേതാക്കളുടെ അറിവോടെയാണ്. പണം എങ്ങോട്ട് പോയി എന്നതിൽ വിശദമായ അന്വേഷണം നടത്താനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌.

ഹിന്ദുക്കളുടെ ഉന്നമനത്തിനായി ലാഭം വിനിയോഗിക്കും എന്നായിരുന്നു ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്കിന്റെ പേരിലുള്ള പ്രചാരണം. പേര് പിന്നീട് എച്ച്ഡിബി നിധി ലിമിറ്റഡ് എന്നാക്കി മാറ്റി. നിരവധി പേരിൽ നിന്ന് 16 ശതമാനം വരെ പലിശ നൽകാം എന്ന് വിശ്വസിപ്പിച്ചാണ്‌ നിക്ഷേപം സ്വീകരിച്ചതെന്ന്‌ പരാതിയിൽ പറയുന്നു‌. ഉയർന്ന പലിശ ലഭിക്കുമെന്ന്‌ വിശ്വസിച്ച ഒരു ബിജെപി പ്രവർത്തകൻ ഭാര്യയുടെ സ്വർണം മറ്റു ബാങ്കിൽ പണയപ്പെടുത്തി പണം ഇവിടെ നിക്ഷേപിച്ചു. ആർഡി എന്ന പേരിൽ 2500 രൂപയും വ്യാപകമായി പിരിച്ചു.

ജോലി വാഗ്‌ദാനം ചെയ്‌തും ബിജെപി പ്രവർത്തകരായ ചിലരിൽനിന്നും പണം വാങ്ങി. കോടികൾ തട്ടിയെടുത്ത ഈ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. കൂടുതൽ നിക്ഷേപകർ പണം തിരിച്ചു ലഭിക്കുന്നതിന് പരാതിയുമായി രംഗത്തുവരുമെന്നും പറയുന്നു. ബാങ്കിന്റെ മുഴുവൻ ഡയറക്‌ട‌‌ർമാരും ബിജെപി – ആർഎസ്‌എസ്‌ പ്രവർത്തകരാണ്‌.

ബാങ്ക് തുടങ്ങി ഒരു വർഷത്തിൽ കോടികൾ സമാഹരിച്ച ശേഷമാണ് പൂട്ടുന്നതെന്ന് നിക്ഷേപകർ പരാതിയില്‍ പറയുന്നു. ബാങ്ക് അധികൃതരുടെ നിലപാടില്‍ അനിഷ്‌ട‌‌മുണ്ടായ ഇടപാടുകാര്‍ നിക്ഷേപം തിരികെ ചോദിച്ചതിനു ശേഷമാണ് ബാങ്ക് പൂട്ടിയത്. പണം നഷ്‌ടപ്പെട്ടവര്‍ ബാങ്ക് അധികൃതരോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല.

വലിയ പലിശ വാഗ്‌ദാനം ചെയ്‌താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം “ഹിന്ദു ബാങ്ക്’ എന്ന പേരിലും ഇവർ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആർഎസ്എസ് പ്രവർത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തി​ന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴൽപ്പണവും തട്ടിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാക്കൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണ് ചെർപ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ്.