മനസ്സും ശരീരവും ഒന്നാവുന്ന ശൃംഗാര സംഭോഗത്തിൻ്റെ അസുലഭ മുഹൂർത്തങ്ങളുടെ ആനന്ദനിർവൃതി സ്ത്രീ മനസ്സിന്റെ ഭാവനകളിലൂടെ തൊട്ടുണർത്തുകയായിരുന്നു ഭരണിക്കാവ് ശിവകുമാർ വികാരോജ്ജ്വലമായ ഈ ഗാനത്തിന്റെ വരികളിലൂടെ . ചെണ്ട എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച്…..

മനസ്സും ശരീരവും ഒന്നാവുന്ന ശൃംഗാര സംഭോഗത്തിൻ്റെ അസുലഭ മുഹൂർത്തങ്ങളുടെ ആനന്ദനിർവൃതി സ്ത്രീ മനസ്സിന്റെ ഭാവനകളിലൂടെ തൊട്ടുണർത്തുകയായിരുന്നു ഭരണിക്കാവ് ശിവകുമാർ വികാരോജ്ജ്വലമായ ഈ ഗാനത്തിന്റെ വരികളിലൂടെ . ചെണ്ട എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച്…..

 

കോട്ടയം: മലയാള സിനിമയുടെ
ഗാനചരിത്രത്തിലെ രണ്ടു ശുക്രനക്ഷത്രങ്ങളായിരുന്നു വയലാർ രാമവർമ്മയും
പി ഭാസ്കരനും .

നൂറുകണക്കിന് ഗാനങ്ങളിലൂടെ മലയാളികളുടെ ചലച്ചിത്ര സംഗീതാസ്വാദനതലങ്ങളെ കോരിത്തരിപ്പിച്ച അപൂർവ്വ പ്രതിഭകൾ .
ഇവർ രണ്ടുപേരും ഒരു ചിത്രത്തിനുവേണ്ടി പാട്ട് എഴുതുക വളരെ അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ !
അത്തരം ഒരു ചിത്രമായിരുന്നു വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ “ചെണ്ട “…
സന്മാർഗ്ഗ ചിത്രയുടെ
ബാനറിൽ പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ
എ വിൻസെൻറ് നിർമ്മിച്ച് സംവിധാനം ചെയ്ത “ചെണ്ട ”
ബി ഇ രാമനാഥന്റെ കഥയായിരുന്നു .
തോപ്പിൽ ഭാസിയാണ് തിരക്കഥയെഴുതിയത് .
ഈ ചിത്രത്തിൽ വയലാറിനും

പി ഭാസ്കരനും പുറമേ കേവലം 24 വയസ്സുള്ള ഒരു പുതിയ ചെറുപ്പക്കാരൻ കൂടെ പാട്ടെഴുതാൻ എത്തി.
പേര് ഭരണിക്കാവ് ശിവകുമാർ .
അത്ഭുതകരമെന്നു പറയട്ടെ
ഈ ചിത്രത്തിൽ വയലാറിന്റേയും
പി ഭാസ്കരന്റേയും ഗാനങ്ങളേക്കാൾ ശ്രദ്ധിക്കപ്പെട്ടതും ജനപ്രീതി നേടിയതും ഭരണിക്കാവ് ശിവകുമാർ എഴുതിയ പാട്ടായിരുന്നു.
ശൃംഗാരഗാനങ്ങൾ എഴുതുന്നതിൽ വയലാറിന്റെ പാത പിന്തുടർന്നു വന്ന ഭരണിക്കാവ് ശിവകുമാർ എഴുതിയ ഈ ഗാനം രസരാജനായ ശൃംഗാരത്തിന്റെ മേമ്പൊടിയിൽ തന്നെ ചാലിച്ചെടുത്തതായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പഞ്ചമിത്തിരുനാൾ മദനോത്സവത്തിരുനാൾ
കഞ്ജബാണൻ മലർശരമെയ്യും
കന്മദ സൗരഭ ശൃംഗാരനാൾ …”

എന്ന ഗാനത്തിന് സംഗീതം നൽകിയത് ദേവരാജൻ മാസ്റ്റർ .
മനുഷ്യജീവിതത്തെ ഉർവ്വരമാക്കുന്ന
വികാരമാണ് രതി .
എന്തുകൊണ്ടോ നമ്മുടെ ചലച്ചിത്രഗാനങ്ങളിൽ രതിയുടെ ആസ്വാദനത്തെക്കുറിച്ചും അനുഭൂതികളെക്കുറിച്ചും എഴുതപ്പെട്ടപ്പോഴൊക്കെ അവയെല്ലാം പുരുഷകാമനകളുടെ ഉന്മാദഭാവങ്ങളിൽ അധിഷ്ഠിതമായിരുന്നു .
മനസ്സും ശരീരവും ഒന്നാവുന്ന ശൃംഗാര സംഭോഗത്തിൻ്റെ അസുലഭ മുഹൂർത്തങ്ങളുടെ
ആനന്ദനിർവൃതി സ്ത്രീ മനസ്സിന്റെ ഭാവനകളിലൂടെ തൊട്ടുണർത്തുകയായിരുന്നു ഭരണിക്കാവ് ശിവകുമാർ വികാരോജ്ജ്വലമായ ഈ ഗാനത്തിന്റെ വരികളിലൂടെ .
പാട്ടിന്റെ മനോഹരമായ അനുപല്ലവി ഒന്ന്
ശ്രദ്ധിച്ചു നോക്കൂ …

“നാല്പാമരക്കുളിർ
പൊയ്കയിൽ
നാണിച്ചു വിടരും പൂക്കളേ
ഇന്നു രാവിൽ
പ്രിയനെൻ മെയ്യിൽ
മായാക്ഷതങ്ങൾ ചാർത്തുമ്പോൾ
എൻ മാറിടമാകെ തരിക്കും
അവന്റെ മേനിയിൽ പടരും
ഒരു മലർവല്ലിയായ്
ഞാൻ മാറും
ഞാൻ – ഞാൻ ആകെത്തരിക്കും … ”
(പഞ്ചമി..)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ആട്ടക്കഥാകാരനായ ഇരയിമ്മൻതമ്പിയാണ് മലയാളത്തിൽ ആദ്യമായി
സ്ത്രീ മനസ്സിന്റെ
രതികാമനകൾക്ക്
അക്ഷരരൂപം പകർന്നു നൽകുന്നത് .
കെ പി എ സി നിർമ്മിച്ച “ഏണിപ്പടികൾ ” എന്ന ചിത്രത്തിൽ

“പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ …”

എന്ന ആ ഗാനത്തിൽ അശ്ലീലമാരോപിച്ചു കൊണ്ട് ആകാശവാണി നിരോധിക്കുകയും ചെയ്ത കഥയും വിവാദങ്ങളുമൊക്ക പ്രിയ വായനക്കാരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ .
നമുക്ക് വീണ്ടും
ഭരണിക്കാവിന്റെ ഗാനത്തിലേക്ക് തന്നെ തിരിച്ചുവരാം..
പാട്ടിന്റെ ചരണത്തിലും രതിക്കു വേണ്ടി കാത്തിരിക്കുന്ന സ്ത്രീ മനസ്സിന്റെ ഭാവനാ രോമാഞ്ചമുണർത്തുന്ന വരികളാണ് ഗാനരചയിതാവ് ശൃംഗാരപദങ്ങളാൽ ആലേഖനം ചെയ്തിരിക്കുന്നത് .
ശ്രദ്ധിച്ചാലും …

“ഉദയാചല ശ്രീഗോപുരത്തിൽ
ഉന്മാദത്തോടെ വരും പൊന്നുഷസ്സേ
ഈ യാമിനിയിൽ
പ്രിയനായി നൽകാൻ
പ്രേമനികുഞ്ജം
തുറക്കുമ്പോൾ എൻ
തളിർമെയ്യാകെ
തുടിയ്ക്കും
അവന്റെ
ലാളനമേൽക്കുമൊരഞ്ജന
വീണയായ് ഞാൻ മാറും
ഞാൻ – ഞാൻ ആകെത്തുടിക്കും
(പഞ്ചമി) ….
പെണ്ണുടലിന്റെ

നിഗൂഢമായ രതികാമനകൾക്ക് നിറച്ചാർത്ത് നൽകി പുരുഷചേതനകളെ തട്ടിയുണർത്താൻ ഭരണിക്കാവ് ശിവകുമാറിന് തന്റെ ആദ്യ ഗാനത്തിലൂടെ തന്നെ കഴിഞ്ഞത് ഒരു ചെറിയ കാര്യമല്ല.
മധു ,ശ്രീവിദ്യ ,നന്ദിതാബോസ്, സുകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ . .
ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച “ചെണ്ട “യിൽ നാല് ഗാനരചയിതാക്കളാണ് പാട്ടുകൾ എഴുതിയത് .
“നൃത്യതി നൃത്യതി… ” ( രചന വയലാർ രാമവർമ്മ – ആലാപനം യേശുദാസ്)
“സുന്ദരിമാർ കുലമൗലികളെ …” ( രചന പി ഭാസ്കരൻ – ആലാപനം മാധുരി )
“താളത്തിൽ താളത്തിൽ … (രചന പി.ഭാസ്കരൻ – ആലാപനം മാധുരി )
“ചാരുമുഖിയുഷ മന്ദം … ( രചന പി.ഭാസ്കരൻ – ആലാപനം യേശുദാസ് ) എന്നിവർക്കൊപ്പം പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല ആദ്യമായും അവസാനമായും എഴുതിയ
“അക്കരെ അക്കരെ ….”.(മാധുരി ) എന്ന ഗാനവും ചെണ്ട എന്ന ചിത്രത്തിന്റെ പ്രത്യേകതകയായിരുന്നു.

1973 ഏപ്രിൽ 27 -നാണ്
ഈ ചിത്രം തിയേറ്ററുകളിലെത്തിയത് .
ഇന്ന് ഈ സിനിമയുടെ അമ്പത്തിയൊന്നാം
വാർഷിക ദിനം .
മനുഷ്യ ജീവിതത്തിലെ ചില യാദൃശ്ചിക സംഭവങ്ങൾ നമ്മെ അത്ഭുതപ്പെടുത്താറില്ലേ..?
അത്തരം ഒരു അൽഭുതം തന്നെയായിരുന്നു സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ജീവിതത്തിലും സംഭവിച്ചത്.

1973 ഏപ്രിൽ 27 അവരുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസമായിരുന്നുവെങ്കിൽ
കൃത്യം 48 വർഷങ്ങൾക്കു ശേഷം മറ്റൊരു ഏപ്രിൽ 27-ന് (2021 ) സുമംഗല എന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി ഈ ലോകത്തു നിന്നും എന്നന്നേക്കുമായി യാത്രയാവുകയും ചെയ്തു.
എ വിൻസെന്റ് എന്ന കൃതഹസ്തനായ സംവിധായകനിലൂടെ, ഭരണിക്കാവ് ശിവകുമാർ എന്ന ഗാനരചയിതാവിലൂടെ ,
സുമംഗല എന്ന പ്രിയപ്പെട്ട ബാലസാഹിത്യകാരിയിലൂടെ “ചെണ്ട “എന്ന ചിത്രം ഇന്നും മലയാള സിനിമയുടെ ചരിത്രത്തിൽ അനശ്വരമായി നിലനിൽക്കുന്നു …