വിക്രം ലാൻഡര്‍ പിടിച്ചെടുത്തത് 250 തരംഗങ്ങള്‍; ഭൂമികുലുക്കത്തിന് സമാനമായി ചന്ദ്രനില്‍ തുടര്‍ച്ചയായി പ്രകമ്പനങ്ങള്‍; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഐഎസ്ആർഒ
ഡൽഹി: ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. പേടകം ചാന്ദ്രോപരിതലത്തില്‍ കാലുകുത്തിയിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ലാൻഡറും റോവറും പങ്കുവച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞർ ഇന്നും പഠനവിധേയമാക്കുകയാണ്.
ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിലെ ഇൻസ്ട്രുമെൻ്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ILSA) രേഖപ്പെടുത്തിയ ചാന്ദ്ര പ്രകമ്പനങ്ങളാണ് ശാസ്ത്രലോകത്തെ ചർച്ചാ വിഷയം.
2023 ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ നാല് വരെയുള്ള സമയത്ത് 250 പ്രകമ്പന സിഗ്നലുകളാണ് ഐഎല്‍എസ്‌എ രേഖപ്പെടുത്തിയത്. പ്രഗ്യാൻ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഡാറ്റകളും ഈ പേലോഡ് പിടിച്ചെടുത്തതായി ഇസ്രോ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
250 പ്രകമ്പന സിഗ്നലുകളില്‍ ഏകദേശം 200 എണ്ണം റോവറിന്റെ ചലനങ്ങളോ ആല്‍ഫ പാർട്ടിക്കിള്‍, എക്സ്-റേ സ്പെക്‌ട്രോമീറ്റർ (APXS), ChaSTE
തെർമല്‍ പ്രോബ് തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുടെ ചലനവുമായോ ബന്ധപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇതില്‍ 50-ഓളം പ്രകമ്പനങ്ങള്‍ ഇവയില്‍ നിന്ന് വ്യത്യസ്തമാണ്. ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഇത് വിശദമാക്കാൻ സാധിക്കുന്നില്ലെന്നും ഭൂമി കുലുക്കത്തിന് സമാനമായ പ്രകമ്പനങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
അവയില്‍ മിക്കതും ഹ്രസ്വമായിരുന്നു. മറ്റ് ചിലത് വൻ പൊട്ടിത്തെറികളായിരുന്നുവെന്നും പഠനം പറയുന്നു. മറ്റ് ചിലത് ദൈർഘ്യമേറിയതായിരുന്നു. ഈ സിഗ്നലുകളുടെ ആവൃത്തി 1 Hz മുതല്‍ 50 Hz വരെയാണ്. ചില സമയങ്ങളില്‍ ആവൃത്തി 94 Hz വരെ എത്തി.
സങ്കീർണ്ണമായ കാരണങ്ങള്‍ കൊണ്ടാകാം ഇതെന്നാണ് അനുമാനം.
ചാന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളുടെ ആഘാതമാകാമെന്നാണ് ആദ്യത്തെ അനുമാനം.
ചാന്ദ്ര ദിനത്തില്ലെ താപനിലയാകാം മറ്റൊരു കാരണം. താപനില മണ്ണിന്റെ വികാസത്തെയും സങ്കോചത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ചന്ദ്രനില്‍ നിന്നുള്ള ആദ്യത്തെ ഡാറ്റയാണ് ചന്ദ്രയാൻ-3 നല്‍കിയിട്ടുള്ളത്. ചന്ദ്രന്റെ ആന്തരിക ഘടന മനസിലാക്കുന്നതില്‍ നിർണായകമാകും ഈ റിപ്പോർട്ടെന്നാണ് വിലയിരുത്തല്‍.