ചങ്ങനാശ്ശേരി സ്വദേശികളുടെ കാർ തടഞ്ഞുനിർത്തി മുളകുപൊടി സ്പ്രേ ചെയ്ത ശേഷം മാല മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ചെറുതന പാണ്ടിത്തറ വീട്ടിൽ ദേവദാസ് മകൻ പ്രേംദാസ് (കണ്ണൻ 28) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തുക്കളും ചേർന്ന് 2020ൽ പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുൻവശം വെച്ച് ചങ്ങനാശ്ശേരി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി മുളകുപൊടി സ്പ്രേ അടിച്ച ശേഷം ഗൃഹനാഥന്റെ കഴുത്തിൽ കിടന്നിരുന്ന 5 പവന്‍ വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്തു കൊണ്ട് കടന്നുകളയുകയായിരുന്നു.
തുടർന്ന് പോലീസ് ഈ കേസിലെ അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. വിവിധ കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ അനുരാജ്, എ.എസ്.ഐ മനോജ് കുമാർ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, ബിനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.