ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ മട്ടൻബിരിയാണിയിൽ  പന്നിയിറച്ചി വിളമ്പിയതായി ആരോപണം: അർക്കേലിയ ഹോട്ടൽ അടച്ചു പൂട്ടി; കോട്ടയത്തെ അർക്കേഡിയ ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് മാനേജ്‌മെന്റ്; തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ അർക്കാഡിയ മാനേജ്‌മെന്റ് നിയമ നടപടിയ്ക്ക്

ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ മട്ടൻബിരിയാണിയിൽ പന്നിയിറച്ചി വിളമ്പിയതായി ആരോപണം: അർക്കേലിയ ഹോട്ടൽ അടച്ചു പൂട്ടി; കോട്ടയത്തെ അർക്കേഡിയ ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് മാനേജ്‌മെന്റ്; തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ അർക്കാഡിയ മാനേജ്‌മെന്റ് നിയമ നടപടിയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ നിന്നും മട്ടൻബിരിയാണി കഴിച്ചവർക്ക് പന്നിയിറച്ചി ലഭിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം മട്ടൻബിരിയാണിയിൽ പന്നിയിറച്ചി ചേർത്ത് നൽകിയതായി മൂന്ന് യുവാക്കൾ ആരോപണം ഉയർത്തിയതിനെ തുടർന്ന് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന അർക്കാലിയ ഹോട്ടൽ അടച്ചു പൂട്ടി. ഭക്ഷണത്തിൽ പന്നിയിറച്ചിയുണ്ടായിരുന്നോ എന്ന പരിശോധനയ്ക്കു ശേഷം മാത്രമേ ഇനി ഹോട്ടൽ തുറന്നു പ്രവർത്തിക്കൂ.

കഴിഞ്ഞ ദിവസം വൈകിട്ട് ചങ്ങനാശേരിയിൽ അർക്കാലിയ ഹോട്ടലിലാണ് ബിരിയാണിയിൽ പന്നിയിറച്ചി ചേർന്നതായി ആരോപണം ഉയർന്നത്. ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ യുവാക്കളിൽ ഒരാളാണ് പരാതിയുമായി രംഗത്ത് എത്തിയത്. വിവിധ മതവിശ്വാസത്തിൽപ്പെട്ടവർ എത്തുന്ന ഹോട്ടലിൽ ഭക്ഷണം തെറ്റിദ്ധരിപ്പിച്ചു നൽകുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

തുടർന്ന് ഡിവൈ.എസ്.പി.എസ്. സുരേഷ് കുമാർ, എസ്.എച്ച്.ഒ പി.വി മനോജ്, എസ്.ഐ ഷെമീർഖാൻ, ഫുഡ്‌സേഫ്റ്റി വിഭാഗം എന്നിവർ സ്ഥലത്തെത്തി ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ഫലം ലഭിക്കുന്നതുവരെ കട അടച്ചിടാൻ ഉത്തരവിട്ടു.

ഇതിനിടെ, ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ പ്രശ്‌നമുണ്ടായതിനു പിന്നാലെ കോട്ടയത്തെ അർക്കാഡിയ ഗ്രൂപ്പിന്റെ ഹോട്ടൽ തന്നെയാണ് ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്നതെന്ന രീതിയിൽ വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ ഉണ്ടായി. എന്നാൽ, ഇത് സംബന്ധിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അർക്കാഡിയ ഹോട്ടൽ മാനേജ്‌മെന്റ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. തങ്ങൾക്ക് നിലവിൽ ചങ്ങനാശേരിയിൽ ഹോട്ടലിലില്ല. അർക്കേഡിയ എന്ന ഗ്രൂപ്പിലുള്ള ഹോട്ടലുകൾ നടത്താൻ മറ്റാർക്കും അധികാരമില്ല. അർക്കാഡിയ എന്ന പേരിൽ പ്രവർത്തിക്കുന്നതിന് ഇന്ത്യയിൽ പേറ്റന്റ് ഉള്ളത് കോട്ടയത്തെ അർക്കാഡിയ ഗ്രൂപ്പിന് മാത്രമാണ്. തങ്ങൾക്ക് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപവും കറുകച്ചാലിലും നാഗമ്പടത്തും ആലപ്പുഴയിലും മാത്രമാണ് ഹോട്ടലുകൾ ഉള്ളത്.

ചങ്ങനാശേരിയിൽ മട്ടൻ ബിരിയാണിയിൽ പന്നിറിയച്ചി പിടിച്ചെടുത്ത സംഭവം അർക്കാലിയ ഹോട്ടലിലാണെന്നിരിക്കെ, വ്യാജമായി അർക്കാഡിയ ഹോട്ടൽ എന്നു പേര് ചേർത്ത് വിവിധ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചാരണം നടത്തുകയാണ്. ഇത് അർക്കാഡിയ ഹോട്ടലിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കും, തെറ്റായ രീതിയിൽ പ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്കുമെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതായും അർക്കാഡിയ മാനേജ്‌മെന്റ് അറിയിച്ചു. അർക്കാഡിയ എന്ന പേര് ഉപയോഗിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ മാനേജ്‌മെന്റ് നിയമനടചടികൾ ആരംഭിച്ചിട്ടുണ്ട്.