മിഴിയടച്ചിട്ടും വഴികാട്ടിയായി ചന്ദ്രയാന്‍-3; വിക്രം ലാന്‍ഡര്‍ ഇനി സ്ഥിരം ലൊക്കേഷൻ മാര്‍ക്കര്‍
സ്വന്തം ലേഖിക
ചന്ദ്രപരീക്ഷണങ്ങളില് മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3. ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും.
ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എല്‍ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ചതാണ് ആർ എല്‍ എ എന്ന ലോക്കേഷൻ മാർക്കർ ഉപകരണം. ഇതില്‍നിന്നുള്ള സിഗ്നലുകള്‍ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിനു(എല്‍ ആർ ഒ) ലഭിച്ചു. ഡിസംബർ 12നാണ് എല്‍ ആർ ഒ ആദ്യ സിഗ്നലുകള്‍ പിടിച്ചെടുത്തത്.
ലേസർ റിട്രോഫ്ളെക്ടർ അറേ (എല്‍ആർഎ)
ചന്ദ്രയാൻ മൂന്നില്‍ നാസ ഘടിപ്പിച്ച ലേസര്‍ റിട്രോഫ്ളക്ടര്‍ അറേ ( എല്‍ ആര്‍ എ ) എന്നെങ്കിലും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബഹിരാകാശ ശാസ്ത്ര ലോകം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ എവിടെയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് എല്‍ ആര്‍ എ.
ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എല്‍ ആർ ഒ) പ്രക്ഷേപണം ചെയ്ത ലേസർ പ്രകാശം എല്‍ ആർ എയില്‍ തട്ടി തിരിച്ചുവരികയും അത് നാസ സ്ഥിരികരിക്കുകയുമായിരുന്നു. ഭൂമിയില്‍നിന്ന് ഒരു വസ്തുവിന് നേരെ ലേസർ രശ്മി അയച്ച് പ്രകാശം തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കുന്നത് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ ട്രാക്കുചെയ്യുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന മാർഗമാണ്. എന്നാല്‍ ചലിക്കുന്ന ബഹിരാകാശ പേടകത്തില്‍നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മി അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്നതിന് റിവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ഇവിടെ നാസ ചെയ്തിരിക്കുന്നത്.
ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതല്‍ നിരവധി എല്‍ ആർ എകള്‍ ചന്ദ്രനില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ വിക്രം ലാൻഡറിലെ എല്‍ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എല്‍ ആർ എയുമാണിത്.
താഴികക്കുടത്തിന്റെ മാതൃകയില്‍ അലൂമിനിയം ഫ്രെയിമില്‍ സജ്ജമാക്കിയ ഉപകരണത്തില്‍ മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികള്‍ (റിട്രോഫ്ളെക്റ്ററുകള്‍) ഉണ്ട് . ഏത് ദിശയില്‍ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എല്‍ ആർ എയുടെ രൂപം. പ്രവർത്തിക്കാൻ വൈദ്യുതിയോ അറ്റകുറ്റപ്പണിയും ആവശ്യമില്ലാത്ത ഉപകരണം പതിറ്റാണ്ടുകളോളം നിലനില്‍ക്കും.
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തില്‍. (ഓഗസ്റ്റ് 23ന് വിക്രം ലാൻഡ് ചെയ്ത് നാല് ദിവസത്തിനുശേഷം നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രം)
എല്‍ ആർ എ പരീക്ഷണ വിജയം നിലവിലെയും ഭാവിയിലെയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവും. ലാന്‍ഡര്‍ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കില്‍ അടുത്തു എന്ന് ദിശ കണക്കാക്കി ഈ ഭാഗത്തു പേടകങ്ങള്‍ ഇറക്കാന്‍ ഇനി ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത് കൂടാതെ ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വ ബലം, ആന്തരിക ഘടന തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പകരാനും എല്‍ ആര്‍ എക്കു സാധിക്കും .
ഡിസംബര്‍ 12 ന് ആയിരുന്നു നാസയ്ക്കു ഈ ഉപകരണത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചത് . ചന്ദ്രനെ വലം വെക്കുന്ന നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റ് ഈ സമയം വിക്രം ലാന്‍ഡറിന്റെ 100 കിലോമീറ്റര്‍ മുകളിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. മാന്‍സിനസ് സി എന്ന ഗര്‍ത്തതിന് സമീപമുള്ള സമതല പ്രദേശത്താണ് ലാന്‍ഡര്‍ കിടക്കുന്നത്. ഇവിടേയ്ക്ക് എല്‍ ആര്‍ ഓര്‍ബിറ്റില്‍നിന്ന് അയച്ച ലേസര്‍ ആവേഗങ്ങള്‍ ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്‌നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു.
നാസയുടെ കണ്ടെത്തല്‍ ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനേറെയുള്ള നേട്ടമാണ്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞതുകൊണ്ട് മാത്രമാണ് പേടകത്തിലെ ഈ ഉപകരണം സജീവമായി നിലനിര്‍ത്താന്‍ സാധിച്ചത്. ചന്ദ്രയാന്‍ – 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിലും നാസ ഇതേ പേ ലോഡ് വെച്ചിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡിങ് പിഴച്ചത് മൂലം പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഛിന്നഭിന്നമാകുകയായിരുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്തത്. തുടർന്ന് ലാൻഡറില്‍നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ഇതിന്റെ ഡേറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ചന്ദ്രനില്‍ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാൻ റോവർ കണ്ടെത്തിയിരുന്നു. കൂടാതെ, ആദ്യമായി ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.