play-sharp-fill
സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തുന്ന വിരുതന്മാർ വീണ്ടും; 24 മണിക്കൂറും കാവലും പട്രോളിങ്ങും നടത്തിയിട്ടും പൊലീസിന്റെ മൂക്കിൻ തുമ്പത്തുനിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത് മൂന്നു ചന്ദനമരങ്ങൾ; മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്ന് വിശദീകരണം; അതീവ സുരക്ഷാ മേഖലയിലെ കവർച്ച ഞെട്ടിക്കുന്നത്; പരാതി നല്കിയിട്ടും കേസ് എടുക്കാത്തതിൽ ദുരൂഹത

സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തുന്ന വിരുതന്മാർ വീണ്ടും; 24 മണിക്കൂറും കാവലും പട്രോളിങ്ങും നടത്തിയിട്ടും പൊലീസിന്റെ മൂക്കിൻ തുമ്പത്തുനിന്നും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത് മൂന്നു ചന്ദനമരങ്ങൾ; മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്ന് വിശദീകരണം; അതീവ സുരക്ഷാ മേഖലയിലെ കവർച്ച ഞെട്ടിക്കുന്നത്; പരാതി നല്കിയിട്ടും കേസ് എടുക്കാത്തതിൽ ദുരൂഹത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചു കടത്തുന്നത് ആവർത്തിക്കുന്നു. രണ്ടു മാസം മുൻപ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരവും, ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന 4 ചന്ദനമരങ്ങളും മുറിച്ചു കടത്തിയതിനു പിന്നാലെ
പൊലീസ് ആസ്ഥാനത്തിനു സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ മൂന്നു ചന്ദനമരങ്ങളും മോഷണം പോയി. വ്യാഴാഴ്ചയാണ് സംഭവം.

24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങും ഉള്ള റോഡിലൂടെ ആണ് വാഹനത്തിൽ മരം കടത്തി കൊണ്ട് പോയത്. വഴുതക്കാടാണ് സ്‌റ്റേറ്റ് മുനിസിപ്പൽ ഹൗസ്. ഇതിന് അടുത്ത് നിരവധി ഓഫീസുമുണ്ട്. സൈന്യത്തിന് കീഴിലെ എൻസിസിയുടെ ഓഫീസും തൊട്ടടുത്ത്. അതീവ സുരക്ഷ വേണ്ട മേഖലയിലാണ് ചന്ദന മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും മഴ കാരണം കടത്തിയത് അറിഞ്ഞില്ലെന്നാണ് വിശദീകരണം. പിറകുവശത്തെ മതിലിനോട് ചേർത്ത് വാഹനം നിർത്തിയിട്ട ശേഷം മരം മുറിച്ചു കടത്തിയിരിക്കാമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. സുരക്ഷാ ജീവനക്കാരൻ പരാതി എഴുതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഇതും ദുരൂഹമാണ്.

ചന്ദന മരം മോഷ്ടിച്ച് കടത്തുന്ന മാഫിയ തിരുവനന്തപുരത്ത് സജീവമാണ്. രണ്ടു മാസം മുൻപ് ഫോർട്ടിലും സമാനരീതിയിൽ ചന്ദനമരം മോഷണം പോയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ചന്ദനമരമാണു രാത്രി മുറിച്ചു കടത്തിയത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിന് ലഭിച്ചു. പക്ഷേ അന്വേഷണം നടന്നില്ല. ഇവർ തന്നെയാകും വഴുതക്കാടും മോഷണം നടത്തിയതെന്നാണ് വിലയിരുത്തൽ.

നഗരത്തിൽ സർക്കാർ ഭൂമിയിൽ നിന്നു നേരത്തേയും ചന്ദനമരങ്ങൾ മുറിച്ചു കടത്തിയിരുന്നു. ശ്രീകാര്യം മൺവിള റേഡിയോ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന 4 ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. തൊട്ടടുത്ത് തിരുവനന്തപുരം എൻജിനീയറിങ് കോളജ് വളപ്പിൽ നിന്നു മൂന്നു തവണ ചന്ദന മരം മുറിച്ചു കടത്താനും ശ്രമം നടന്നു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്നും ചന്ദനം കടത്തുന്ന സംഘങ്ങൾ സജീവമാണ്.

ചന്ദനമരത്തിന്റെ തൊലി മുതൽ വേരുവരെ മുറിച്ച് 16 തരത്തിൽ കഷണങ്ങൾ ആക്കുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന ചന്ദനത്തിന് 1000 മുതൽ 25,000 രൂപ വരെയാണ് കിലോഗ്രാമിനു വില ലഭിക്കുന്നത്. ഒരു ചന്ദനമരം മുറിച്ചുമാറ്റുമ്പോൾ വേരിന്റെ ഏറ്റവും അടിഭാഗംവരെ മാന്തിയെടുത്ത് ഒരു കഷണം പോലും കളയാതെയാണു ശേഖരിക്കുന്നത്. ഈ വിലയാണ് ചന്ദന മോഷ്ടാക്കളേയും ആകർഷിക്കുന്നത്.