വൈകിയെത്തിയതുമായി ബന്ധപ്പെട്ട് വാക്കേറ്റവും അടിപിടിയും; കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ ഏറ്റുമുട്ടി; അത്യാഹിത വിഭാഗത്തിലുൾപ്പെടെ ചികിത്സയ്ക്കെത്തിയ രോഗികൾ കാത്തുനിന്നത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ
കോഴിക്കോട്: ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതോടെ വാക്കോറ്റവും കൈയ്യാങ്കളിയും. ചികിത്സയ്ക്കായി രോഗികൾ കാത്തു നിൽക്കവേ കോഴിക്കോട് ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ ഏറ്റുമുട്ടി.
അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി രോഗികൾ കാത്തു നിൽക്കവെ ആണ് അവരുടെ മുൻപിൽ വെച്ച് ഹൗസ് സർജന്മാർ തമ്മിൽ തല്ലിയത്. തുടർന്ന് വാക്കേറ്റവും അടിപിടിയും ഹൗസ് സർജന്മാരുടെ മുറിയിലും തുടർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്‌നങ്ങൾ അരമണിക്കൂറോളം നീണ്ടു. രംഗം വഷളായതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്.
ആരോഗ്യ പ്രശനങ്ങളുമായി അടിയന്തര ചികിത്സ തേടി എത്തിയ രോഗികൾക്ക് മുന്നിലായിരുന്നു ഡോക്ടർമാരുടെ അടിപിടി. രോഗികൾ കാത്ത് നിൽക്കുന്നത് വകവെക്കാതെ രണ്ടു പേരും തമ്മിൽ തല്ല് തുടരുകയായിരുന്നു. തുടർന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.അടിപിടിയിൽ ഒരു ഹൗസ് സർജന്റെ ഷർട്ടു കീറിപ്പോയിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് എത്തിയവർ, തലകറക്കത്തെ തുടർന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരൻ, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം അരമണിക്കൂറോളം ചികിത്സ കാത്തു ക്യൂ നിന്നത്. ശബ്ദം കേട്ട് നോക്കുമ്പോഴും ഒരു ഹൗസ് സർജൻ മറ്റൊരു ഹൗസ് സർജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ ഉണ്ടായിരുന്ന ബീച്ച് ആശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞു.
ഡോക്ടർമാരുടെ പൊരിഞ്ഞ അടികണ്ട് പ്രശ്‌നം തീർക്കാനായി രോഗികൾക്കൊപ്പമെത്തിയവർ ഹൗസ് സർജന്മാരുടെ മുറിക്കുള്ളിലേക്ക് കയറാൻ നോക്കിയെങ്കിലും അപ്പോഴേക്കും മുറിയിലെ ലൈറ്റ് അണച്ചു വാതിൽ അടച്ചു. ഇതോടെ ആളുകൾ അവിടേക്ക് പ്രവേശിച്ചില്ല. ഇരുവരും മുറിയിൽ കിടന്ന് തമ്മിൽ തല്ലി.