ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച സ്റ്റേഷൻ കെട്ടിടം കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ നാടിന് സമർപ്പിച്ചു.കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾക്കും ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചങ്ങനാശ്ശേരി നിവാസികളുടെ ആവശ്യം റെയിൽവേ ബോർഡിനെ അറിയിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആധുനികവത്ക്കരണത്തിന്റെ പാതയിലൂടെ അതിവേഗം കുതിക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന നൽകുന്നത്. ഈ വർഷം 4000 കിലോമീറ്റർ പഴയട്രാക്ക് മാറ്റും. മണിക്കൂറിൽ 45 കിലോമീറ്റർ വേഗത 75 കിലോമീറ്ററാക്കി ഉയർത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം. റെയിൽവേ ട്രാക്കും മറ്റ് സിഗ്നൽ സംവിധാനങ്ങളും ആധുനികവത്ക്കരിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റെയിൽവേ വികസന കുതിപ്പിലാണ്. ‘ ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി റെയിൽവേ പുതിയ ദിശയിലാണ്.രാഷ്ട്രീയത്തിനതീതമായി പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ശോചനീയവസ്ഥയിലുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും. അതാത് പ്രദേശത്തിന്റ സംസ്‌കാര തനിമയോടെയുള്ള സ്റ്റേഷൻ കെട്ടിടങ്ങളാണ് നിർമ്മിയ്ക്കുന്നത്. ചങ്ങനാശ്ശേരിയിൽ കേരള വാസ്തുശിൽപ മാതൃകയിൽ തന്നെ മനോഹരമായ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മിച്ച കെട്ടിടം വൃത്തിയായി സൂക്ഷിയ്ക്കുന്നത് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മോദി സർക്കാർ രാജ്യത്തെ അഴിമതി തുടച്ചു നീക്കിയെന്നും സാധാരണക്കാരെ സഹായിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ടൂറിസം സഹമന്ത്രി കെ.ജെ അൽഫോൻസ് പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ട്രെയിനുകൾ എത്തിച്ചതും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതും കുറഞ്ഞ തുകയിൽ ആരോഗ്യ പരിരക്ഷയും ഇൻഷുറൻസുകളും നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞതും സർക്കാരിന്റെ നേട്ടമാണ്. എട്ടുകോടി വീടുകളിൽ എൽ.പി.ജി സൗകര്യം, ഒരുകോടിയാളുകൾക്ക് ഈ വർഷം വീട് നിർമ്മിച്ചു നൽകുക എന്നതും കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടിക്കുന്നിൽ സുരേഷ് എം.പി, സി.എഫ് തോമസ് എം.എൽ.എ, നഗരസഭ ആക്ടിങ് ചെയർമാൻ ടി.പി അനിൽകുമാർ, സതേൺ റെയിൽവേ അഡീഷണൽ മാനേജർ പി.കെ മിശ്ര ,തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഷിരീഷ് കുമാർ സിൻഹ എന്നിവർ സംസാരിച്ചു. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻവശത്ത് സ്ഥലപരിമിതി പരിഹരിയ്ക്കുന്നതിനായ് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് റെയിൽവേ സഹമന്ത്രി ഈ സ്ഥലം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.