play-sharp-fill
കേസ് തോറ്റു; ന്യൂയോര്‍ക്ക് ടൈംസിന് നാലുലക്ഷം ഡോളര്‍ നല്‍കാൻ ഡൊണാള്‍ഡ് ട്രംപിനോട് ഉത്തരവിട്ട് കോടതി

കേസ് തോറ്റു; ന്യൂയോര്‍ക്ക് ടൈംസിന് നാലുലക്ഷം ഡോളര്‍ നല്‍കാൻ ഡൊണാള്‍ഡ് ട്രംപിനോട് ഉത്തരവിട്ട് കോടതി

സ്വന്തം ലേഖിക

ന്യൂയോര്‍ക്ക്: അമേരിക്കൻ പത്രമായ ദി ന്യൂയോര്‍ക്ക് ടൈംസിന് നാല് ലക്ഷം ഡോളറോളം (ഇന്നത്തെ നിരക്ക് അനുസരിച്ച്‌ 3.3 കോടിയോളം ഇന്ത്യൻ രൂപ) നല്‍കണമെന്ന് മുൻ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉത്തരവിട്ട് കോടതി. ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോബര്‍ട്ട് ജെ. റീഡ് ആണ് കോടതി ചെലവായി ഇത്രയും തുക നല്‍കാൻ ഉത്തരവിട്ടത്.

 

ന്യൂയോര്‍ക്ക് ടൈംസിനെതിരെ ട്രംപ് നല്‍കിയ കേസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ ഉത്തരവ്. അഭിഭാഷകര്‍ക്കുള്ള ഫീസ്, നിയമപരമായ മറ്റുചെലവുകള്‍ എന്നിവയ്ക്കായി ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തകരായ സൂസൻ ക്രെയിഗ്, റസല്‍ ബട്ട്നെര്‍ എന്നിവര്‍ക്ക് 229,931 ഡോളര്‍, മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് ബര്‍സ്റ്റോവിന് 162,717 ഡോളര്‍ എന്നിവ ഉള്‍പ്പെടെ 393,000 ഡോളര്‍ ട്രംപ് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുക വളരെ കൂടുതലും യുക്തിക്ക് നിരക്കുന്നതല്ലെന്നും ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും അത് കോടതി മുഖവിലയ്ക്കെടുത്തില്ല. ന്യൂയോര്‍ക്ക് ടൈംസിനും മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ 10 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ കേസ് കഴിഞ്ഞ വര്‍ഷമാണ് ഇതേ കോടതി തള്ളിയത്. ഈ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിന്റെ വെളിപ്പെടുത്താത്ത സമ്ബത്തിനെ കുറിച്ച്‌ 2018-ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച പരമ്ബരയ്ക്കെതിരെയാണ് ട്രംപ് കോടതിയെ സമീപിച്ചത്.

 

പുലിറ്റ്സര്‍ പുരസ്കാരം നേടിയ പരമ്ബരയായിരുന്നു ഇത്. 2021-ലാണ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയെ സമീപിക്കുന്നത്. രഹസ്യരേഖകള്‍ കൈക്കലാക്കാനായി മാധ്യമപ്രവര്‍ത്തകര്‍ വഞ്ചനാപരമായ ഗൂഡാലോചന നടത്തിയെന്നും അത് സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് ട്രംപ് കേസ് കൊടുത്തത്. എന്നാല്‍ ട്രംപിന്റെ വാദങ്ങള്‍ ഭരണഘടനാപരമായി തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് കേസ് കോടതി തള്ളിയത്.

 

ട്രംപ് കോടതി ചെലവ് നല്‍കണമെന്ന ഉത്തരവിനെ ന്യൂയോര്‍ക്ക് ടൈംസ് സ്വാഗതം ചെയ്തു. നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്ത് മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് വിധിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസ്താവനയില്‍ പറഞ്ഞു.