ഒറ്റ പകൽ കൊണ്ട് നഗരത്തിൽ രണ്ടിടത്ത് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്തു: ബൈക്കിലെത്തി കവർച്ച നടത്തിയ കഞ്ചാവ് സംഘം പിടിയിൽ; പിടിയിലായത്തിൽ പ്രായപൂർത്തിയാകാത്ത യുവാവും

ഒറ്റ പകൽ കൊണ്ട് നഗരത്തിൽ രണ്ടിടത്ത് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്തു: ബൈക്കിലെത്തി കവർച്ച നടത്തിയ കഞ്ചാവ് സംഘം പിടിയിൽ; പിടിയിലായത്തിൽ പ്രായപൂർത്തിയാകാത്ത യുവാവും

ക്രൈം ഡെസ്ക്

കോട്ടയം: മണിക്കൂറുകളുടെ ഇടവേളയിൽ കോട്ടയം നഗരപരിധിയിൽ നിന്നും രണ്ട് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്ത കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ രണ്ട് യുവാക്കൾ പിടിയിൽ. അയ്മനത്തും , ആർപ്പൂക്കര തൊണ്ണങ്കുഴിയിലുമായാണ് വ്യാഴാഴ്ച വീട്ടമ്മയുടെയും വയോധികയുടെയും ബാഗ് മോഷ്ടാക്കൾ കവർന്നത്. രണ്ടു സംഭവത്തിലും പ്രതികളായ രണ്ട് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത കുട്ടിയെയും അയ്മനം കല്ലുങ്കത്ര മുട്ടേൽ കോളനിയിൽ
ജയരാജി (22) നെയുമാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും കവർച്ചയ്ക്ക് ഇരയായ രണ്ടു പേരുടെയും ബാഗും നഷ്ടമായ സാധനങ്ങളും പണവും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങാൻ പണം കണ്ടെത്താനാണ് കവർച്ച നടത്തിയത് എന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലായിരുന്നു രണ്ടു കവർച്ചകളും നടന്നത്. തൊണ്ണങ്കുഴി ചൂരക്കാവിന് സമീപത്ത് ബസ് കാത്തു നിന്ന ആർപ്പൂക്കര തോപ്പിൽ പറമ്പിൽ വീട്ടിൽ ലതാ രാജേന്ദ്രന്റെ ബാഗ് ആണ് സംഘം ആദ്യം തട്ടിയെടുത്തത്. തുടർന്ന് ആർപ്പൂക്കര തൊണ്ണങ്കുഴി ഭാഗത്ത് ഒളിച്ചിരുന്ന പ്രതികൾ , ബാഗ് തുറന്ന് പരിശോധിച്ചു. ഈ ബാഗിനുള്ളിൽ ഇവരുടെ രേഖകളും അൽപം പണവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഇതിന് ശേഷം പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബൈക്കിൽ രണ്ടു പേരും അയ്മനം ഭാഗത്ത് കറങ്ങി നടന്നു. ഇതിനിടെയാണ് അയ്മനത്തെ എസ്.ബി.ഐയിൽ നിന്നും പെൻഷൻ വാങ്ങി പുറത്തിറങ്ങിയ ഒളശ പള്ളിക്കടവ് കണ്ണംമ്പളിൽ വീട്ടിൽ അന്നമ്മ മാത്യു (76) വിനെ കണ്ടു. ഇതിന് ശേഷം പ്രതികൾ അന്നമ്മയെ രഹസ്വമായി പിൻതുടരുകയായിരുന്നു. തുടർന്ന് ഇതുവഴി എത്തിയ ബസിൽ കയറി അന്നമ്മ പള്ളിക്കവല ഭാഗത്ത് എത്തി. ഇവിടെ നിന്നും വീട്ടിലേയ്ക്കുള്ള ഇടവഴിയിലേയ്ക്ക് ഇവർ നടന്നു.

ഈ സമയം പിന്നാലെ എത്തിയ പ്രതികൾ അന്നമ്മയെ അടിച്ചു. തുടർന്ന് അന്നമ്മയുടെ ബാഗിൽ പിടിച്ച് പ്രതികൾ ശക്തിയായി വലിച്ചു. ബാഗ് വിട്ട് പോയെങ്കിലും , വലിയുടെ ശക്തിയിൽ അന്നമ്മ റോഡിൽ വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബാഗിനുള്ളിൽ അന്നമ്മയുടെ 11000 രൂപ പെൻഷൻ തുകയും , മൊബൈൽ ഫോണും അടക്കം ഉണ്ടായിരുന്നു.

ഇവിടെ നിന്നും അയ്മനം കല്ലുങ്കത്ര പള്ളിയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിലെ രഹസ്യ കേന്ദ്രത്തിൽ പ്രതികൾ ഒളിച്ചിരുന്നു. പ്രതികൾ ഈ കാടിനുള്ളിൽ ഒളിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത് , ഗ്രേഡ് എസ് ഐമാരായ പി.എൻ രമേശ് , സുരേഷ് , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു , വിഷ്ണു വിജയദാസ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.