നിയമസഭ കയ്യാങ്കളി കേസ്: ‘എം.എൽ.എമാർക്ക് തോക്കുണ്ടെങ്കിൽ വെടിവെക്കാനാകുമോ’ എന്ന് സുപ്രീംകോടതി, കെ.എം മാണി ‘അഴിമതിക്കാരനായ മന്ത്രി’ എന്ന പ്രയോഗവും തിരുത്തി സർക്കാർ
ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊതുമുതൽ നശിപ്പിച്ചതിന് പിന്നിൽ എന്ത് പൊതുതാൽപര്യമാണ്. എം.എൽ.എമാരുടെ കൈവശം തോക്കുണ്ടായിരുന്നുവെങ്കിൽ വെടിവെക്കാനാകുമോയെന്നും കോടതി ചോദിച്ചു.
കൂടാതെ അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗവും സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെങ്കിലും ആരെങ്കിലും കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ് സഭകൾ.
സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം.എൽ.എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.
സർക്കാരിനെതിരെ രാഷ്‌ട്രീയ പ്രതിഷേധങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. സഭയ്‌ക്കകത്ത് പ്രതിഷേധം നടക്കുമ്പോൾ അംഗങ്ങൾക്ക് പരിരക്ഷയുണ്ട്. കേസ് അവസാനിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ നിയമത്തിൻറെ ഏത് വ്യവസ്ഥയിലാണ് സർക്കാരിന് കേസ് അവസാനിപ്പിക്കാൻ അധികാരമുളളതെന്ന് കോടതി അഭിഭാഷകനോട് തിരിച്ച് ചോദിച്ചു.
ബാർകോഴയിൽ ആരോപണം നേരിട്ട കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് എൽ.ഡി.എഫ് സഭയിൽ പ്രതിഷേധിച്ചത്. സഭയിലെ പ്രതിഷേധം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും അന്ന് ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാർ കേസെടുക്കുകയുമായിരുന്നു.