ലോഡ്ജിൽ നിന്ന് അസമയത്ത് യുവതികളുടെ കരച്ചിൽ കേൾക്കാറുണ്ട്; കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ലോഡ്ജിനെതിരെ ഗുരുതര ആരോപണവുമായി കോഴിക്കോട് കോർപറേഷൻ കൗൺസിലർ
സ്വന്തം ലേഖകൻ
കോഴിക്കോട്: നാടിനെ നടുക്കിയ കൂട്ടബലാത്സംഗം നടന്ന ചേവരമ്പലത്തെ ലോഡ്ജിൽ നിന്ന് മുൻപും യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിലർ. കോർപ്പറേഷനിലെ 16ാം വാർഡായ ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലോഡ്ജിനെതിരെ മുൻപും പരാതി നൽകിയിട്ടുണ്ടെന്നും അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ട് ചോദിക്കാൻ ചെന്നവർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. 32കാരിയായ യുവതിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും വിളിച്ചുകൊണ്ടു വന്നതും ലോഡ്ജിൽ എത്തിച്ചത് അത്തോളി സ്വദേശിയായ അജ്നാസാണ്. കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ കൊണ്ടുവന്ന ശേഷം മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കി. പിന്നീട് രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾ കടന്ന് കളഞ്ഞു.നടന്നത് ക്രൂര പീഡനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സംഭവത്തിൽ അത്തോളി സ്വദേശിയും മുഖ്യപ്രതിയുമായ അജ്നാസും ഇയാളുടെ ഒരു സുഹൃത്തും പിടിയിലായിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ നടക്കുകയാണ്. പിടിയിലായ രണ്ട് പേരെ ചേവരമ്പലത്ത് സംഭവം നടന്ന ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു.