മോനിപ്പള്ളി പെട്രോൾ പമ്പിൽ വച്ച് ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ രണ്ടുപേരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് വെള്ളിലാംതടത്തിൽ വീട്ടിൽ ജസ്സൻ സെബാസ്റ്റ്യൻ (28), മോനിപ്പള്ളി കോമക്കൽ വീട്ടിൽ മിഥുൻ മാത്യു (27) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8 :15 മണിയോടുകൂടി മോനിപ്പള്ളി പെട്രോൾ പമ്പിൽ വച്ച് ബസ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സ്വകാര്യ ബസ് ട്രിപ്പ് അവസാനിപ്പിച്ച് രാത്രിയിൽ മോനിപ്പള്ളി പെട്രോൾപമ്പിൽ എത്തിയ സമയം ബസ്സിൽ ഉണ്ടായിരുന്ന ഇവർ യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടതിനെ ബസ്സിലെ കണ്ടക്ടർ എതിർക്കുകയും തുടർന്ന് ഇവർ ഇരുവരും ചേർന്ന് കണ്ടക്ടറെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസ്സിലെ കണ്ടക്ടറായ തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ യുവാവ് ഇതിനെ ചോദ്യം ചെയ്യുകയും ജസ്സനും, മിഥുനും ചേർന്ന് ഇയാളെയും മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മിഥുൻ മാത്യുവിന് കുറുവലങ്ങാട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി.ജെ, എസ് ഐ സുമിത എസ്.എൻ, ഇക്ബാൽ പി.എൻ,സി.പി.ഓ സിജാസ് ഇബ്രാഹിം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.