
ബെംഗളുരു: അതിവേഗ ബുള്ളറ്റ് ട്രെയിൻ കോച്ചുകള്‍ നിർമ്മിക്കാൻ ബെംഗളൂരുവില്‍ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.
ഇന്നലെ കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് തിപ്പസാന്ദ്രയിലെ ബെമല്‍ കാമ്പസിലുള്ള ‘ആദിത്യ’ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബി-28 ശ്രേണിയിലെ അതിവേഗ കോച്ചുകളാണ് ഇവിടെ നിർമ്മിക്കുക.
രാജ്യത്ത് ഹൈസ്പീഡ് റെയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇത് നിർണായക ഘട്ടമാണെന്ന് മന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിനുകള്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ വേഗത്തില്‍ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ-ബെംഗളൂരു യാത്ര സമയം വെറും 73 മിനിറ്റായി ചുരുങ്ങുന്നതോടെ രണ്ട് നഗരങ്ങളും ഒരൊറ്റ സാമ്പത്തിക കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത വർഷം മാർച്ചോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം, മുംബൈ-ബെംഗളൂരു ബന്ധം ശക്തമാക്കാൻ പുതിയ ട്രെയിൻ സർവീസുകളും പ്രഖ്യാപിച്ചു. എല്‍.എച്ച്.ബി. കോച്ചുകളോടെ പുതിയ മെയില്‍ എക്സ്പ്രസ് ഹുബ്ബള്ളിയില്‍ നിന്ന് സർവീസ് തുടങ്ങും. കൂടാതെ, ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസും ഉടൻ ആരംഭിക്കും. മംഗളൂരു-ബെംഗളൂരു വന്ദേഭാരത് സർവീസും ഉടൻ തുടങ്ങുമെന്ന് അറിയിച്ചു.








