
തിരുവനന്തപുരം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ അദ്ദേഹത്തിനെതിരെ ‘നുണേശന്‍’ എന്ന പേരില്‍ വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും ഭരണകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചില സി.പി.എം. അനുകൂലികളായ ഉദ്യോഗസ്ഥരാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ഗൗരവതരമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ഈ അന്വേഷണം.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ സജീവ രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാകുകയോ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയോ ചെയ്യരുതെന്ന കര്‍ശനമായ പെരുമാറ്റച്ചട്ടം (Conduct Rules) ലംഘിച്ചുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എ.കെ.ജി. സെന്ററിലെ സി.പി.എം. സോഷ്യല്‍ മീഡിയ വിങ്ങുമായി ഈ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന്റെ സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ അപവാദ പ്രചാരണങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ (PRD) ഒരു അസിസ്റ്റന്റ് എഡിറ്റര്‍ക്കെതിരെ അന്വേഷണം വരുന്നുണ്ടെന്ന് മുന്‍കൂട്ടി മനസ്സിലാക്കി, ഇയാളെ ഒരു സി.പി.എം. എം.എല്‍.എ.യുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് (PA) ആയി അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. അന്വേഷണത്തെത്തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കടുത്ത ശിക്ഷാനടപടികളില്‍ നിന്നും നിര്‍ബന്ധിത സ്ഥലം മാറ്റത്തില്‍ നിന്നും ഇയാളെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു സി.പി.എം. കേന്ദ്രങ്ങളുടെ ഈ മുന്‍കൂര്‍ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ഇടത് ഗവണ്‍മെന്റിന്റെ കാലത്ത് പി.ആര്‍.ഡി.യില്‍ നിന്നും ‘വര്‍ക്ക് അറേഞ്ച്‌മെന്റ്’ വ്യവസ്ഥയിലാണ് ഈ ജീവനക്കാരന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത്.
കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നല്‍കിയ ഔദ്യോഗിക പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റി സി.പി.എമ്മിന് വേണ്ടി സൈബര്‍ ക്വട്ടേഷന്‍ എടുത്ത, മുന്‍പ് ഒരു ഇടത് അനുകൂല ചാനലിലെ റിപ്പോര്‍ട്ടര്‍ കൂടിയായിരുന്ന എസ്. ജീവന്‍കുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരനെതിരെ കടുത്ത മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് സന്ദീപ് വാര്യരുടെ പരാതിയിലെ പ്രധാന ആവശ്യം.
പ്രമുഖ സി.പി.എം. നേതാക്കളും സൈബര്‍ പോരാളികളും ഉള്‍പ്പെട്ട ‘റെഡ് ബറ്റാലിയന്‍’ എന്ന വിവാദ വാട്സാപ്പ് ഗ്രൂപ്പില്‍ സതീശനെ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ട് ഇയാള്‍ പോസ്റ്റ് ചെയ്തതായി പറയപ്പെടുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഡിജിറ്റല്‍ തെളിവുകളും സന്ദീപ് വാര്യര്‍ പരാതിയോടൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടത് അനുകൂല ജീവനക്കാരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.







