തൃശ്ശൂരിൽ പ്രവാസിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ; നാടൻ ബോംബ് ആണെന്ന് സൂചന
തൃശൂർ : പെരിങ്ങോട്ടുകരയില്‍ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡില്‍ നായരുപറമ്ബില്‍ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്‌ഫോടക വസ്തുഎറിഞ്ഞത്.
സംഭവത്തില്‍ ആർക്കും പരിക്കില്ല. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും 4 പെണ്‍മക്കളും, അമ്മ തങ്കയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്.
സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നടൻ ബോംബാണെന്നാണ് സൂചന. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group