ഓർത്തഡോക്സ് സഭയ്ക്ക് നീതി ലഭിക്കാൻ അവസാനം വരെയും ബിജെപി കൂടെയുണ്ടാകും ..പി.എസ് ശ്രീധരൻ പിള്ള

ഓർത്തഡോക്സ് സഭയ്ക്ക് നീതി ലഭിക്കാൻ അവസാനം വരെയും ബിജെപി കൂടെയുണ്ടാകും ..പി.എസ് ശ്രീധരൻ പിള്ള

സ്വന്തംലേഖകൻ

കോട്ടയം ; കോടതി വിധികൾ അനുകൂലമായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓർത്തഡോക്സ് സഭയ്ക്കൊപ്പം ബിജെപി ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ന്യൂനപക്ഷമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് പിണറായി സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ ആളെ കൂട്ടാൻ യാക്കോബായ സഭ തയ്യാറായത് ക്രൈസ്തവ ധാർമ്മികതക്ക് ചേർന്നതല്ല. പല കാലഘട്ടങ്ങളിലും ബിജെപിയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റിയ യാക്കോബായ സഭയിൽ നിന്നും തിക്തമായ അനുഭവങ്ങൾ ഉണ്ടായെന്ന് മാത്രമല്ല നന്ദികേട് കൂടിയാണ് കാണിച്ചത്. ചരിത്രത്തിലാദ്യമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് സമ്മേളനം നടത്തിയ ന്യൂനപക്ഷ മോർച്ചയെ അഭിനന്ദിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. കേരളത്തിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ അന്യം നിൽക്കുന്ന കാലമാണ് വരാൻ പോകുന്നതെന്നും ഭാരതത്തിന്റെ പരമവൈഭവം മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ബിജെപിയിലേക്ക് ന്യൂനപക്ഷ സമൂഹങ്ങളുടെ വൻ ഒഴുക്കിന് തുടക്കമായെന്നും അധ്യക്ഷ പ്രസംഗത്തിൽ നോബിൾ മാത്യു പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാർ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൾ റഷീദ് അൻസാരി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, എൻ ഹരി, കെ. വി സാബു, സി പി സെബാസ്റ്റ്യൻ, കെ എ സുലൈമാൻ, റിസൺ ചെവിടൻ, ബിജോയ് തോമസ്, ഷിബു ആന്റണി, നിരണം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.