മുതിര്‍ന്നവര്‍ക്കും ഇനി ജനന സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താം….! ഒറ്റത്തവണ തിരുത്താൻ  അനുവാദം നല്‍കി സര്‍ക്കാര്‍

മുതിര്‍ന്നവര്‍ക്കും ഇനി ജനന സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താം….! ഒറ്റത്തവണ തിരുത്താൻ അനുവാദം നല്‍കി സര്‍ക്കാര്‍

സ്വന്തം ലേഖിക

പാലക്കാട്: സ്കൂള്‍ പ്രവേശന രജിസ്റ്ററിലും എസ്.എസ്.എല്‍.സി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര്, ജനന സര്‍ട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും ഒറ്റത്തവണ തിരുത്താൻ സര്‍ക്കാര്‍ അനുവാദം നല്‍കി.

ഇതുവരെ അഞ്ച് വയസ്സ് കഴിഞ്ഞാല്‍ ജനന രജിസ്റ്ററില്‍ പേര് തിരുത്താൻ അനുവാദമുണ്ടായിരുന്നില്ല. ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താൻ സാധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശയാത്ര, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എസ്.എസ്.എല്‍.സി, ജനന സര്‍ട്ടിഫിക്കറ്റുകളിലെ പേര് വ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം പരിഹരിക്കാൻ ജനന-മരണ രജിസ്ട്രാര്‍ ഉള്‍പ്പെടെ നിരവധി കുറിപ്പുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഈ വിഷയം ഗൗരവമായെടുത്താണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവില്‍ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം തിരുത്തി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പില്‍ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, നിലവിലെ പേരില്‍ അക്ഷരത്തെറ്റ് മാത്രമാണ് മാറ്റേണ്ടതെങ്കില്‍ അത് നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ രേഖയിലും ഒറ്റത്തവണ തിരുത്തല്‍ വരുത്താം. അതിന് ഗസറ്റില്‍ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.