play-sharp-fill
‘സാക്ഷിക്കൂട്ടില്‍ കയറി നിന്ന് പ്രതികളെ ചൂണ്ടിക്കാണിക്കുമ്പോൾ ആ കുട്ടിക്ക് പ്രായം പന്ത്രണ്ട്.’അമ്മയുടെ അവസാന പിടച്ചില്‍,ആ കരച്ചില്‍, അന്നത്തെ രാത്രി…’; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു….

‘സാക്ഷിക്കൂട്ടില്‍ കയറി നിന്ന് പ്രതികളെ ചൂണ്ടിക്കാണിക്കുമ്പോൾ ആ കുട്ടിക്ക് പ്രായം പന്ത്രണ്ട്.’അമ്മയുടെ അവസാന പിടച്ചില്‍,ആ കരച്ചില്‍, അന്നത്തെ രാത്രി…’; ബില്‍ക്കിസ് ബാനു കേസിലെ പ്രായം കുറഞ്ഞ സാക്ഷി പറയുന്നു….

സ്വന്തം ലേഖിക

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്ന് പ്രതികളെ ചൂണ്ടിക്കാണിക്കുമ്പോൾ ആ കുട്ടിക്ക് പ്രായം പന്ത്രണ്ട്.കേസിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷി. ബില്‍ക്കിസിനെ ബലാത്സംഗം ചെയ്ത നരാധമന്‍മാര്‍ അവന്റെ അമ്മയേയും സഹോദരിയേയും കൊന്നുതള്ളിയിരുന്നു. ഇന്നും തന്റെ ഓര്‍മകളില്‍ ആ കൊലയാളികളുടെ മുഖങ്ങള്‍ മായാതെ കിടപ്പുണ്ടെന്ന് പറയുന്നു ഇപ്പോള്‍ ഇരുപതിയെട്ട് വയസ്സ് തികഞ്ഞ ആ സാക്ഷി. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ ആശ്വാസമുണ്ടെങ്കിലും, പ്രതികള്‍ക്ക് തക്കതായ ശിക്ഷയല്ല ലഭിച്ചതെന്ന് ബില്‍ക്കിസിന്റെ ബന്ധുകൂടിയായ ഇദ്ദേഹം പറയുന്നു.

”അവര്‍ (പ്രതികള്‍) നിരപരാധികളല്ല, കൊലയാളികളാണ്. അവര്‍ മരണശിക്ഷ അര്‍ഹിക്കുന്നു. എനിക്ക് നഷ്ടപ്പെട്ടതൊന്നും മാറ്റാന്‍ സാധിക്കില്ല. ഇപ്പോള്‍ അവര്‍ ജയിലിലേക്ക് പോയാലും വീണ്ടും മോചിതരാകും. നിയമവ്യവസ്ഥിതിക്ക് പുറത്തുനടക്കുന്ന കാര്യങ്ങളില്‍ എനിക്ക് വിശ്വാസമില്ല” ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹോദ് ജില്ലയില്‍ 2002 മാര്‍ച്ച്‌ 3-ന് അക്രമകാരികള്‍ ബില്‍ക്കിസ് അടക്കമുള്ള സ്ത്രീകള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്ബോള്‍ വെറും ഏഴ് വയസ്സ് മാത്രമായിരുന്നു ഈ സാക്ഷിക്ക് പ്രായം. ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്ത അതേ സംഘം തന്നെയാണ് ഇദ്ദേഹത്തിന്റെ നാല്‍പ്പതുകാരിയായിരുന്ന അമ്മ ഉള്‍പ്പെടെ 14 പേരെ കൊലപ്പെടുത്തിയത്. ജീവന്‍ നഷ്ടമായെന്ന് കരുതിയാണ് ബില്‍ക്കിസിനെ അവര്‍ ഉപേക്ഷിച്ചുകടന്നുകളഞ്ഞത്. ഏഴുവയസ്സുകാരനും ബില്‍ക്കിസും ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് അന്ന് സംഘത്തിന്റെ കയ്യില്‍നിന്ന് രക്ഷപ്പെട്ടത്.

മൂന്നുവര്‍ഷത്തിന് ശേഷം 2005-ല്‍ മുംബൈ സിബിഐ കോടതിയുടെ സാക്ഷിക്കൂട്ടില്‍ കയറി നിന്ന് അവന്‍ പതിനൊന്നു പ്രതികളില്‍ അഞ്ചുപേര്‍ക്ക് നേരെ വിരല്‍ചൂണ്ടി. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ആ അഞ്ചുപേരെ, ജസ്വന്ത് നയ്, കേശര്‍ഭായ് വൊഹാനിയ, പ്രദിപ് മൊദിയ, ബകഭായ് വൊഹാനിയ, രാജുഭോയ് സോനി എന്നിവരെ അവന്‍ തിരിച്ചറിഞ്ഞു.

സംഭവത്തിന് പിന്നാലെ, ഗോദ്രാ റിലീഫ് ക്യാമ്ബില്‍ എങ്ങനെയൊക്കെയോ എത്തിയ കുട്ടി, അമ്മയും ബന്ധുക്കളും ക്രൂരമായി ബലാത്സംഗത്തിന് ഇരായായി കൊല്ലപ്പെട്ടത് നേരില്‍ കണ്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ സന്നദ്ധപ്രവര്‍ത്തകര്‍ അവന കുച്ചിലെ ഒരു ഹോസ്റ്റലിലേക്ക് മാറ്റി. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് കുച്ചില്‍നിന്ന് അവനെ ഗോദ്രയിലേക്ക് കൊണ്ടുവന്നത്. തെളിവ് ശേഖരിക്കാനായി സംഭവം നടന്ന സ്ഥത്ത് സിബിഐ സംഘം അവനെ കൊണ്ടുപോയിരുന്നു. അന്ന് അവിടെവെച്ച്‌ പരിഭ്രാന്തനായ കുട്ടിക്ക് പിന്നീട മന:ശാസ്ത്രജ്ഞന്റെ സഹായം നല്‍കേണ്ടിവന്നു.

അമ്മയുടെയും സഹോദരിയുടേയും മരണം നേരില്‍ക്കണ്ട കുഞ്ഞ് അതിഭീകരമായ മാനസിക പ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കിയ സന്നദ്ധപ്രവര്‍ത്തകന്‍, തന്റെ അമ്മയുടെ വീട്ടിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവിടെയാണ് അവന്‍ വളര്‍ന്നത്. ഒരിക്കല്‍പ്പോലും അമ്മയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് അവന് മോചനം ലഭിച്ചില്ല. എട്ടാം ക്ലാസുവരെ പഠിക്കാന്‍ പോയെങ്കിലും താങ്ങാനാകത്ത മാനസിക ബുദ്ധിമുട്ട്കാരണം പഠനം ഉപേക്ഷിച്ചു.
ഇന്ന് ആ കുട്ടി 28 വയസുള്ള യുവാവാണ്. നാലുവയസുള്ള കുട്ടിയുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചുകൊടുത്ത ജോലികൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും പരാജയപ്പെട്ടുപോകുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു.

” എന്റെ അമ്മയെ അവര്‍ കൊന്നതാണ്. ഞാന്‍ ആ മുഖങ്ങള്‍ കണ്ടതാണ്. ഓരോ രാത്രിയും ആ മുഖങ്ങള്‍ കണ്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരാറുണ്ട്, പേടിച്ച്‌ കരയാറുണ്ട്… ഇവര്‍ ജയിലിലേക്ക് തന്നെ തിരിച്ചുപോകുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷേ, സുപ്രീകോടതി അവരെ വീണ്ടും ജയിലിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ എനിക്ക് ഈ വിധി സന്തോഷം തരുന്നതല്ല. ഈ ജീവിതകാലത്ത് എന്റെ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല”, അദ്ദേഹം പറഞ്ഞു.

”സാധാരണ ജീവിതത്തെ കുറിച്ച്‌ ചിന്തിച്ച്‌ പഴയതെല്ലാം മറക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കമ്ബനിയിലെ സുഹൃത്തുക്കളുണ്ട്. എന്റെ മകനും ബന്ധുക്കളും ഒക്കെ കൂടെയുണ്ട്. പക്ഷേ ഒറ്റയ്ക്കാകുമ്ബോള്‍, എന്റെ അമ്മയുടെ മുഖം, അന്നത്തെ ദൃശ്യങ്ങള്‍, അമ്മയുടെ ശബ്ദം എല്ലാം ഓര്‍മയിലേക്ക് കയറിവരും. അതെന്നെ ജീവിക്കാന്‍ അനുവദിക്കില്ല… ജോലി ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ പോലും ചില സമയത്ത് ഈ ഓര്‍മകള്‍ കയറിവന്ന് എന്തുചെയ്യണം എന്നറിയാതെ ഇരുന്നുപോകാറുണ്ട്… എനിക്കപ്പോള്‍ അമ്മയുടെ കരച്ചില്‍ കേള്‍ക്കാം…

എന്റെ മകനെ വെറുതേവിടണേയെന്ന് കരയുന്ന എന്റെ അമ്മയുടെ കരച്ചില്‍…”, ഈ വാക്കുകള്‍ കേട്ടുകഴിയുമ്ബോള്‍ തോന്നും, കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന് പറയുന്നത് വെറുതേയാണ്. വംശഹത്യയുടെ മുറിവുകള്‍ അതനുഭവിച്ച മനുഷ്യരുടെ മനസുകളില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.