റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോ പ്രദര്‍ശനം: ‘എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
സ്വന്തം ലേഖിക
റിപ്പബ്ലിക് ദിന പരേഡില്‍ ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.
ഓരോ മൂന്ന് വര്‍ഷത്തിനിടെ ഒരുതവണയെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (യു ടി) ടാബ്ലോ പ്രദര്‍ശിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവര്‍ തയാറാക്കുന്ന ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കാൻ സഹായകരമാകുന്നതാകും പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍. ന്യൂ ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ എല്ലാ വര്‍ഷവും നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം 15-16 ടാബ്ലോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിനാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായി അവസരം ലഭിക്കണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും റസിഡന്റ് കമ്മീഷണര്‍മാരുമായി മൂന്നോ നാലോ തവണ ചര്‍ച്ച നടത്തിയിരുന്നു. അതിലാണ് പുതിയ പദ്ധതി നിര്‍ദേശിച്ചതും കരട് അവതരിപ്പിച്ചതും. ഇതുവരെ 28 സംസ്ഥാനങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചതായാണ് വിവരം. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പട്ടിക തയാറാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ ഏതൊക്കെ വര്‍ഷങ്ങളിലാണ് ടാബ്ലോ പ്രദര്‍ശിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തവണത്തെ പരേഡില്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, ലഡാക്ക്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള 16 ടാബ്ലോകളാണ് പ്രദര്‍ശിപ്പിക്കുക.
കേരളം, കര്‍ണാടക, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍ കേന്ദ്രം നിരസിച്ചതിനെത്തുടര്‍ന്ന് ഇരുസംസ്ഥാനത്തിൻെറയും മുഖ്യമന്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഞ്ചാബിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രതികരണം. അതേസമയം, കര്‍ണാടക അയച്ച ഏഴ് നിര്‍ദേശങ്ങളും തള്ളിയതിനെ തുടര്‍ന്ന് കേന്ദ്രം ഏഴുകോടി കന്നഡിഗരെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു. 2015 മുതല്‍ 2023 വരെ നടന്ന എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും കര്‍ണാടക ടാബ്ലോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.