ഒരു ബൈക്കിൽ ഇന്നു മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം: ലാത്തി പ്രയോഗം വേണ്ടെന്ന് പൊലീസിനോട് സംസ്ഥാന പൊലീസ് മേധാവി

ഒരു ബൈക്കിൽ ഇന്നു മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം: ലാത്തി പ്രയോഗം വേണ്ടെന്ന് പൊലീസിനോട് സംസ്ഥാന പൊലീസ് മേധാവി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ ഓടുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇന്ന് മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഞായറാഴ്ച രാവിലെ സംസ്ഥാനത്ത് ആരംഭിച്ച പരിശോധനയിൽ മൂന്നുറിലേറെ വാഹനയാത്രക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

എല്ലാവരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം നല്‍കുമെന്നാണ് വ്യക്തമാകുന്നത്. സ്ഥിരമായി ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.

ഇതിനിടെ , ലാത്തി പ്രയോഗം വേണ്ടെന്നും
വാഹനപരിശോധനകൾ നടത്തുമ്പോൾ അതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തണമെന്നും  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു.
പരിശോധനാ വേളയിൽ വാഹനം ഓടിക്കുന്ന ആളുടെ ദേഹത്ത് തൊടരുതെന്നും ലാത്തി ഒരു കാരണ വശാലും ഉപയോഗിക്കാൻ പാടില്ലെന്നും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ ജില്ലാ പൊലീസ് മേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും പരിശോധന നടത്തേണ്ടത് എസ്.ഐ അടക്കം നാല് പേരടങ്ങുന്ന സംഘമാണെന്നും അദ്ദേഹം അറിയിച്ചു. സംഘത്തിലെ ഒരാൾ വേണം പരിശോധനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തേണ്ടത്. അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുൻപ് കൊല്ലം കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനപരിശോധന നടത്തുന്നതിനായി ലാത്തി എറിഞ്ഞ് വീഴ്ത്തിയതും ബൈക്കുകാരന് ഗുരുതരമായി പരിക്കേറ്റതും വൻ വിവാദത്തിലേക്ക് നയിച്ചിരുന്നു.

വാഹനപരിശോധനയുടെ പേരിൽ ബൈക്ക് യാത്രക്കാരനെ എറിഞ്ഞു വീഴ്‌ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച പൊലീസുകാരന് സസ്‌പെൻഷൻ ലഭിച്ചിരുന്നു.. കൊല്ലം കടയ്ക്കൽ സ്വദേശിയായ സിദ്ദിക്കിനെയാണ് കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ചന്ദ്രമോഹൻ എറിഞ്ഞുവീഴ്ത്തിയത്. തുടർന്ന് സിദ്ദിക്ക് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു.

വാഹനപരിശോധന കണ്ട് സിദ്ദിഖ് ബൈക്ക് നിർത്താതെ പോയപ്പോഴാണ് ചന്ദ്രമോഹൻ തന്റെ കൈയിൽ ഉണ്ടായിരുന്ന ലാത്തി കൊണ്ട് സിദ്ദിഖിനെ എറിഞ്ഞുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹെൽമെറ്റ് പരിശോധനയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. പാരിപ്പള്ളി മടത്തറ റോഡാണ് നാട്ടുകാർ ഉപരോധിച്ചിരുന്നത്.