ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആക്രമികളായ ലഹരിസംഘത്തെ തൊടാതെ പോലീസ്; നിസാര വകുപ്പുകൾ ചുമത്തി പ്രതിക്ക് ജാമ്യം നല്കി വിട്ടയച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മംഗലപുരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ലഹരിസംഘത്തെ തൊടാതെ പൊലീസ്.
സംഭവം നടന്നയിടത്തെ മംഗലപുരം പൊലീസാണ് നിസാര വകുപ്പുകള്‍ ചുമത്തി പ്രതിയായ മസ്‌താന്‍മുക്ക് സ്വദേശി ഫൈസലിനെ വിട്ടയച്ചത്. മര്‍ദ്ദനമേറ്റ അനസ് സംഭവമുണ്ടായ ശേഷം മംഗലപുരം സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കണിയാപുരം സ്‌റ്റേഷന്‍ പരിധിയിലാണെന്ന് പറഞ്ഞ് തിരികെയയച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കം വൈറലായതോടെ കേസെടുക്കാന്‍ പൊലീസ് തയ്യാറായി. എന്നാല്‍ പ്രതി ഫൈസലിനെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.
ഇയാളുള്‍പ്പടെ മൂന്നുപേര്‍ ഭക്ഷണം കഴിക്കാനായി പോയ അനസിനെ തടഞ്ഞുനിര്‍ത്തുകയും ബൈക്കിലെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നു.
അടിയേറ്റ് അനസിന്റെ രണ്ട് പല്ലുകള്‍ നഷ്‌ടമാകുകയും ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമാണ്. സ്‌റ്റേഷനിലെത്തി അനസ് മൊഴിനല്‍കിയാല്‍ കേസെടുക്കാമെന്നായിരുന്നു മംഗലപുരം പൊലീസിന്റെ ആദ്യത്തെ നിലപാട്.
ലഹരികടത്ത് സംഘത്തില്‍പെട്ടയാളായ ഫൈസലിനെ സഹായിക്കാനാണ് സംഭവം പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് ആരോപണം. കഴക്കൂട്ടം-മംഗലപുരം മേഖലയില്‍ ഗുണ്ടാശല്യമുണ്ടായിട്ടും പൊലീസ് നിസംഗത തുടരുന്നതായി ആക്ഷേപമുണ്ട്.
പ്രതിയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കുകയോ മൊഴിയെടുക്കുകയോ പൊലീസ് ചെയ്‌തിരുന്നില്ല.